
തിരുവനന്തപുരം: കാൽനൂറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ഈ സർവീസ് ഒക്ടോബർ 24-ന് ആരംഭിക്കും.(KSRTC service from Hosur to Kerala after 25 years)
വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ വരെയുള്ള സർവീസുകളാണ് ആദ്യം തുടങ്ങുക. ആദ്യ സർവീസ് വിജയിച്ചാൽ തൃശ്ശൂരും തിരുവനന്തപുരവും അടക്കമുള്ള മറ്റു നഗരങ്ങളിലേക്കും സർവീസ് തുടങ്ങാൻ അധികൃതർ ആലോചിക്കുന്നുണ്ട്.
ബെംഗളൂരുവിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഹൊസൂർ നഗരത്തിന് പുറത്ത് ഫ്ലൈ ഓവറിന് സമീപം സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. ഈയിടെ ഡിവൈഎഫ്‌ഐ തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിനായി ഹൊസൂരിലെത്തിയ എ.എ. റഹീം എം.പി.ക്ക് യാത്രാദുരിതം വിവരിച്ച് മലയാളികൾ നിവേദനം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി. എം.ഡി. ഡോ. പ്രമോജ് ശങ്കറും എം.പി.യും തമ്മിൽ നടത്തിയ ചർച്ചയിലാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.