തിരുവനന്തപുരം : കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് 7 മണിക്കൂർ പിന്നിട്ടു. ഇത് കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണമടക്കം ഇല്ലാത്തതിനാൽ കെ എസ് ആർ ടി സി ബസുകളുടെ സർവീസ് നിർത്തിവച്ചു. (KSRTC on national strike)
ഇതോടെ യാത്രക്കാർ ആകെ വലഞ്ഞിരിക്കുകയാണ്. പ്രധാന സ്റ്റാൻഡുകളിൽ എല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്. തൃശ്ശൂരിലും കൊച്ചിയിലും കെ എസ് ആർ ടി സി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. ബി എം എസ് അനുകൂല ജീവനക്കാർ, പോലീസ് സംരക്ഷണം ഉണ്ടെങ്കിൽ സർവ്വീസ് നടത്താമെന്ന നിലപാടിലാണ്.
കെ എസ് ആർ ടി സി തിരുവനന്തപുരത്ത് സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടു. വളരെ ചുരുക്കം ഓട്ടോകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ കെ എസ് ആർ ടി സി ബസ് തടഞ്ഞു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. അതേസമയം, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന സകല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.