കൊല്ലം: കെഎസ്ആർടിസിയുടെ വരുമാനം തടസ്സപ്പെടുത്തി പരസ്യക്കമ്പനികൾ കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. ഏകദേശം 65 കോടി രൂപയെങ്കിലും ഈ വകയിൽ കെഎസ്ആർടിസിക്ക് നഷ്ടമായെന്നാണ് മന്ത്രിയുടെ കണക്ക്.
"ടെൻഡർ ഉണ്ടാക്കിയ ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയിൽ പോയി പണം ഈടാക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇത്തരം ആളുകളെ കരിമ്പട്ടികയിൽപ്പെടുത്തി. എന്നാൽ ഇതോടെ ടെൻഡർ വിളിച്ചാൽ അവർ സംഘം ചേർന്ന് വരാതിരിക്കുന്നു," മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ തൊഴിൽദാന പദ്ധതി ഉടൻ
പരസ്യത്തിലൂടെ വരുമാനം നേടാൻ അവസരം നൽകുന്ന പുതിയ തൊഴിൽദാന പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
"ഏതൊരു ചെറുപ്പക്കാർക്കും കെഎസ്ആർടിസിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് എംപാനൽ ചെയ്ത ശേഷം പരസ്യം പിടിക്കാം. അതിൻ്റെ നിശ്ചിത ശതമാനം തുക അപ്പോൾ തന്നെ നിങ്ങളുടെ കൈയിൽ തരും. ഈ തൊഴിൽദാന പദ്ധതി പത്തനാപുരത്ത് വെച്ച് പ്രഖ്യാപിക്കുകയാണ്," അദ്ദേഹം വ്യക്തമാക്കി.
ഹോൺ മുഴക്കിയ ബസ് ഡ്രൈവറുടെ വിശദീകരണം
ഇന്നലെ കോതമംഗലത്ത് വെച്ച് ഉദ്ഘാടന പരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസിനെതിരെ ഗതാഗത മന്ത്രി നടപടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ബസ് ഡ്രൈവർ രംഗത്തെത്തി.
സ്റ്റാൻഡിൽ പരിപാടി നടക്കുന്നത് താൻ അറിയില്ലായിരുന്നെന്നും, ഹോൺ സ്റ്റക്കായിപ്പോയതാണെന്നുമാണ് ഡ്രൈവർ അജയൻ പറയുന്നത്. ഹോൺ സ്റ്റക്കായ വിവരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉടൻ വണ്ടി പിടിക്കാൻ മന്ത്രി നിർദേശിച്ചതിനെത്തുടർന്ന് ഹോൺ കേബിൾ മുറിച്ച് പ്രശ്‌നം പരിഹരിച്ച ശേഷം സ്റ്റാൻഡിൽ നിന്നും മടങ്ങിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ലെന്നും അജയൻ പറഞ്ഞു.
കൂടാതെ, രാത്രി സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് ഗതാഗത മന്ത്രി.