

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് വിന്യാസത്തിലെ അപാകത പരിഹരിക്കാന്‍ മാനേജ്മെന്റ് ആവിഷ്‌കരിച്ച നിര്‍മിതബുദ്ധി സംവിധാനത്തിനെതിരേ ജീവനക്കാരുടെ സംഘടനകള്‍. എഐ ഉപയോഗിച്ച് ഒരു റൂട്ടിലെ സമയം നിശ്ചയിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഡ്യൂട്ടി നഷ്ടം വരുംവിധം കുറഞ്ഞ യാത്രാസമയം തിരഞ്ഞെടുക്കുന്നുവെന്നാണ് പരാതി. (KSRTC AI)
പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളില്‍ സ്റ്റോപ്പ് കുറച്ചതിന്റെ പേരില്‍ ഡ്യൂട്ടി കുറച്ചതിന് സമാനമാണ് എ ഐ പരിഷ്‌കാരമെന്നാണ് ആക്ഷേപം. ഓൺലൈനായി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം വന്നതോട് കൂടി ബസുകളുടെ യാത്രാസമയം ഓണ്‍ലൈനില്‍ ലഭിക്കുന്നുണ്ട്. ഒരോ പാതയിലെ ബസുകള്‍ എത്ര സമയത്തിനുള്ളില്‍ ട്രിപ്പ് പൂര്‍ത്തീകരിക്കുന്നുവെന്ന് തത്സമയം അറിയാനാകും. ദേശീയപാതാ നിര്‍മാണവും ഗതാഗതക്കുരുക്കും കാരണം ബസുകള്‍ വൈകിയോടുന്നുണ്ട്. ഇത് അവഗണിച്ചുകൊണ്ട് കുറഞ്ഞസമയം കണക്കാക്കി അതു പ്രകാരം ഡ്യൂട്ടി പുനഃക്രമീകരിക്കാന്‍ നിര്‍ദേശിച്ചതാണ് പരാതിക്കിടയാക്കിയത്. ഇപ്പോഴത്തേത് പരീക്ഷണ ഉപയോഗം മാത്രമാണെന്നാണ് മാനേജ്മെന്റ് വിശദീകരണം.
അതേസമയം പ്രീമിയം ബസുകളുടെ ഡ്യൂട്ടി കുറച്ചത് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയകാലത്ത് തിരുവനന്തപുരം-എറണാകുളം പാതയില്‍ 11 ഫെയര്‍സ്റ്റേജുകളും അഞ്ചരമണിക്കൂര്‍ സമയമവുമാണ് അനുവദിച്ചിരുന്നത്. കാലക്രമേണ സ്റ്റോപ്പുകള്‍ കൂടിയെങ്കിലും അതനുസരിച്ച് സമയം അനുവദിച്ചില്ല.
എല്ലാ റൂട്ടുകളിലും ഇതേ അവസ്ഥയാണ്. രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തേണ്ടിവരുന്നതും ഗതാഗതതടസ്സവും യാത്രാസമയം ദീര്‍ഘിപ്പിക്കുന്നുണ്ട്. ഇതിനാല്‍ ഡ്യൂട്ടിക്കിടയിലെ വിശ്രമസമയംപോലും നഷ്ടമാകുന്നതായി ജീവനക്കാര്‍ പരാതിപ്പെടുന്നു.യാത്രാദൂരം കുറയ്ക്കാതെ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സിഎംഡിക്ക് നിവേദനം നല്‍കി.