

തിരുവല്ല: എം.സി. റോഡിലെ തിരുവല്ല ളായിക്കാട് ജങ്ഷന് സമീപം കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം പത്തോളം പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് 3.15-ഓടെയായിരുന്നു അപകടം.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും, തിരുവല്ലയിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസ്സുമാണ് കൂട്ടിയിടിച്ചത്.ഫാസ്റ്റ് പാസഞ്ചറിൻ്റെ ഡ്രൈവറായ മനീഷ് ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. മനീഷിൻ്റെ തലയ്ക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. യാത്രക്കാരിൽ പലരുടെയും തലയ്ക്കും മുഖത്തുമാണ് പരിക്ക്.പരിക്കേറ്റവരെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഫാസ്റ്റ് പാസഞ്ചർ ബസിന് മുന്നിൽ പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ പെട്ടെന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് മുൻസീറ്റിൽ യാത്ര ചെയ്തിരുന്നവർ പറഞ്ഞു.അപകടത്തെ തുടർന്ന് എം.സി. റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിരുവല്ല പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.