
തേവലക്കര : കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുടുംബത്തിന് ധനസഹായം കൈമാറി കെഎസ്ഇബി. ഇന്ന് വൈകുന്നേരം മരണപ്പെട്ട മിഥുന്റെ വീട്ടിലെത്തി കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ആണ് അഞ്ചുലക്ഷംരൂപയുടെ ചെക്ക് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക് നൽകിയിരിക്കുന്നത്.
കെഎസ്ഇബി ചീഫ് എന്‍ജിനീയറും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മിഥുന്റെ വീട്ടില്‍ എത്തിയിരുന്നു. കുടുംബത്തിന് വേണ്ട മറ്റ് സഹായങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു.
അതേ സമയം, മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും അപകടമുണ്ടായ സ്കൂൾ സന്ദർശിച്ചു. മിഥുന്റെ അച്ഛനുമായി മന്ത്രിമാർ സംസാരിച്ചു. എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.
തേവലക്കര സ്കൂളിലെത്തിയ ശേഷമാണ് മന്ത്രിമാർ മിഥുന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. വൈദ്യുതി വകുപ്പും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസ ഡയറക്ടർ കൈമാറി.