

കാസർകോട്: വൈദ്യുതി ബില്ല് കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് കാസർകോട് മോട്ടോർ വാഹന വകുപ്പിന്റെ (MVD) എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ എഐ (AI) കൺട്രോൾ റൂം ഉൾപ്പെടെ പ്രവർത്തിക്കുന്ന ഓഫീസ് ഒരാഴ്ചയായി ഇരുട്ടിലാണ്.
കഴിഞ്ഞ മൂന്ന് മാസത്തെ ബില്ല് കുടിശ്ശികയായതിനെ തുടർന്നാണ് കെഎസ്ഇബിയുടെ നടപടി. ഏകദേശം ഒരു ലക്ഷം രൂപയോളം ആർടിഒ ഓഫീസ് വൈദ്യുതി ചാർജ് ഇനത്തിൽ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും തുക അടയ്ക്കാത്ത സാഹചര്യത്തിലാണ് ഫ്യൂസ് ഊരിയത്.
റോഡിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളുടെ കൺട്രോൾ റൂം ഈ ഓഫീസിലാണ് പ്രവർത്തിക്കുന്നത്. വൈദ്യുതി നിലച്ചതോടെ ഈ സംവിധാനങ്ങളുടെ ഏകോപനവും ഓഫീസിലെ മറ്റ് ദൈനംദിന പ്രവൃത്തികളും തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നു എന്നറിയിച്ചുകൊണ്ടുള്ള നോട്ടീസ് എംവിഡി ഓഫീസിന് മുന്നിൽ പതിപ്പിച്ചിട്ടുണ്ട്.
ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് ബില്ല് അടയ്ക്കാൻ വൈകിയതിന് പിന്നിലെന്നും, കുടിശ്ശിക തുക ഉടൻ അടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും എംവിഡി അധികൃതർ അറിയിച്ചു.