തിരുവനന്തപുരം: ബിജെപി ചരിത്രവിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ യുഡിഎഫും എൽഡിഎഫും തീരുമാനിച്ചു. കോർപ്പറേഷനിൽ ഭൂരിപക്ഷമില്ലെങ്കിലും രാഷ്ട്രീയമായി വിട്ടുനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.(KS Sabarinathan is the UDF candidate for the post of mayor in Trivandrum)
യുവനേതാവ് കെ.എസ്. ശബരീനാഥൻ ആണ് യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി. മേരി പുഷ്പം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് കോൺഗ്രസ് ഈ തീരുമാനമെടുത്തത്. പുന്നക്കാമുകൾ കൗൺസിലറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി. ശിവജി എൽഡിഎഫിനായി മത്സരിക്കും. എസ്.പി. ദീപക്കിനെ പാർലമെന്ററി പാർട്ടി ലീഡറായും മുൻ മേയർ ശ്രീകുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദർശിനിയെയും വൈസ് പ്രസിഡന്റായി ബി.പി. മുരളിയെയും നിശ്ചയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഇന്ന് മേയർ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വി.വി. രാജേഷ്, ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. എന്നാൽ സർപ്രൈസ് ആയി മറ്റൊരു പേര് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് ബിജെപി തലസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.