

തിരുവനന്തപുരം: പാട്ടുകാരെയും ആസ്വാദകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വിടപറഞ്ഞ മകൾ നന്ദനയുടെ ജന്മദിനത്തിൽ വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ച് പ്രിയ ഗായിക കെ.എസ്. ചിത്ര (K S Chithra Daughter Nandana). സോഷ്യൽ മീഡിയയിലൂടെയാണ് മകളുടെ ചിത്രത്തിനൊപ്പം ചിത്ര തന്റെ കുറിപ്പ് പങ്കുവെച്ചത്.
"ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകൾ, സ്വർഗത്തിലെ ഞങ്ങളുടെ മാലാഖ- നീ ഞങ്ങളെ വിട്ടു വളരെ നേരത്തെ പോയി. നിനക്കായി ഞങ്ങൾ സ്വപ്നം കണ്ട ജീവിതം നയിക്കാൻ നിനക്ക് കൂടുതൽ സമയം കിട്ടിയിരുന്നെങ്കിലെന്ന് ഞങ്ങൾ ആഗ്രഹിച്ചുപോവുന്നു. എന്നാൽ ചിലപ്പോൾ ദൈവം ഏറ്റവും മനോഹരമായ കുട്ടികളെ സ്വർഗത്തിലേക്ക് നേരത്തെ വിളിക്കും. അവരിൽ ഒരാളാണ് നീ. ഞങ്ങളെന്നും സ്നേഹിക്കുന്ന ഞങ്ങളുടെ കുഞ്ഞുമാലാഖയ്ക്ക് ജന്മദിനാശംസകൾ."--എന്നായിരുന്നു കുറിപ്പ്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും നന്ദന ജനിച്ചത്. ചിത്രയുടെ ലോകം തന്നെ മകൾക്ക് ചുറ്റുമായിരുന്നു. 2011 ഏപ്രിലിൽ ദുബായിൽ വെച്ചായിരുന്നു നന്ദനയുടെ അപ്രതീക്ഷിത മരണം. താമസിച്ചിരുന്ന വില്ലയിലെ നീന്തൽക്കുളത്തിൽ വീണായിരുന്നു എട്ടു വയസ്സുകാരിയായ നന്ദന മരിച്ചത്.
മകളുടെ വിയോഗത്തിന് ശേഷവും നന്ദനയുടെ ഓർമ്മകൾ ഓരോ നിമിഷവും ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ് ചിത്ര. ആരാധകരും സഹപ്രവർത്തകരും ചിത്രയുടെ വേദനയിൽ പങ്കുചേരുകയും നന്ദനയ്ക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു.