തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ.പി. ശങ്കർദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. വിദഗ്ധ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് ജയിൽ അധികൃതരുടെ നടപടി.
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ ജനുവരി 17-നാണ് ശങ്കർദാസിനെ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
ശങ്കർദാസിന് നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. തുടർന്നാണ് ഇയാളെ ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്.
ജയിൽ സൂപ്രണ്ടിനോട് ശങ്കർദാസിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ജയിലിലേക്ക് മാറ്റിയ വിവരം ജനുവരി 27-ന് കോടതിയെ ഔദ്യോഗികമായി അറിയിക്കും.സ്വർണ്ണക്കൊള്ളക്കേസിലെ ഗൂഢാലോചനയിൽ ശങ്കർദാസിന് നിർണ്ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ ജയിലിലേക്ക് മാറ്റിയത് കേസിലെ തുടർനടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.