ശബരിമല സ്വർണക്കവർച്ചാ കേസ്: കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി | KP Sankaradas arrest Sabarimala gold case
തിരുവനന്തപുരം: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥരെത്തി ശനിയാഴ്ച വൈകീട്ട് 3.15-ഓടെയാണ് ഇദ്ദേഹത്തെ മാറ്റിയത്. വിജിലൻസ് കോടതി റിമാൻഡ് ചെയ്ത ശങ്കരദാസ് ഇനി മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിലായിരിക്കും ചികിത്സയിൽ കഴിയുക.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെ കേസിൽ പ്രതിചേർത്തിരുന്നു. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ എസ്‌ഐടി (SIT) അറസ്റ്റ് ചെയ്തത്.ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കി.
പൂജപ്പുര ജയിലിലെ ആരോഗ്യവിഭാഗം ശങ്കരദാസിന്റെ ആരോഗ്യനിലയും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച ശേഷമാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായത്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് കാരണമായിരുന്നു. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജയിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആരോഗ്യനില തൃപ്തികരമാകുന്നത് വരെ ശങ്കരദാസ് മെഡിക്കൽ കോളേജിലെ നിരീക്ഷണത്തിൽ തുടരും.
