
കോഴിക്കോട് : ജില്ലയിലെ തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം , ഇവരുടെ സഹോദരനെ കാണാൻ ഇല്ലെന്നാണ് റിപ്പോർട്ട്. മൂന്ന് വർഷക്കാലമായി ഇവർ തടമ്പാട്ട് താഴത്ത് വാടകക്ക് താമസിച്ച് വരികയായിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് സഹോദരൻ പ്രമോദ് സുഹൃത്തിനെ വിളിച്ച് സഹോദരിമാർ മരിച്ചുവെന്ന് അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധു ഇവിടേക്ക് എത്തുകയായിരുന്നു. വീടിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തുണി ഉപയോഗിച്ച് മൂടിയ നിലയിൽ ആയിരുന്നു. സഹോദരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.