കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു (Kozhikode School Student Assault). മടവൂർ ചക്കാലക്കൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മർദനമേറ്റ വിദ്യാർത്ഥിയെ പരിക്കുകളോടെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചോളം വരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് മർദനത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
വിദ്യാർത്ഥി മുടിവെട്ടിയതും പുതിയ ചെരിപ്പിട്ട് സ്കൂളിൽ വന്നതുമാണ് സീനിയർ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. പരീക്ഷ കഴിഞ്ഞ് മടങ്ങാൻ ശ്രമിച്ച വിദ്യാർത്ഥിയെ സ്കൂൾ ബസിൽ കയറാൻ ഇവർ അനുവദിച്ചില്ല. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരുന്നത് കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികൾക്കിടയിലുണ്ടാകുന്ന ഇത്തരം റാഗിംഗ് ശൈലിയിലുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Story Summary:
An 8th-grade student at Chakkalakkal School in Madavoor, Kozhikode, was brutally assaulted by a group of around 15 seniors from the 9th grade. The reason for the attack was reportedly the student’s new haircut and footwear. The victim was dragged to different spots and prevented from boarding the school bus. The incident came to light when his parents noticed him bleeding from the nose. He is currently undergoing treatment at a private hospital in Omasery.

