

കോഴിക്കോട്: നടുവണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 2.30-ഓടെ നടുവണ്ണൂർ - കൂട്ടാലിട റോഡിൽ ആവറാട്ട് മുക്കിന് സമീപമായിരുന്നു അപകടം.
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ (MMC) ജീവനക്കാരനായ അമൽജിത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് അമൽജിത്ത് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പുലർച്ചെയായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു. അപകടം കണ്ട അതുവഴി വന്ന ലോറി ജീവനക്കാരാണ് ഉടൻ തന്നെ അടുത്തുള്ള വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് ആംബുലൻസ് എത്തിച്ച് അമൽജിത്തിനെ ഉടൻ തന്നെ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുണാകരൻ (സുകു) ആണ് അമൽജിത്തിന്റെ പിതാവ്. അമ്മ: ഗിരിജ. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.