കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി ആണ് തീവെന്ത് മരിച്ചത്. 70 വയസായിരുന്നു. നാരായണി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഒപ്പം താമസിക്കുന്ന മകനും ഭാര്യയും പുറത്തുപോയ സമയത്താണ് തീ പിടിത്തമുണ്ടായത്.
വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ കാര്യം അറിഞ്ഞത്. അയൽവാസികളും അഗ്നിരക്ഷാസേനയും വന്നാണ് തീ അണച്ച് അകത്തു കയറിയത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് വടകര പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.