

കോഴിക്കോട്: ഡിജിറ്റൽ അറസ്റ്റ് എന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് പേർ അറസ്റ്റിലായി. പാറോപ്പടി സ്വദേശി കെ. ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസിൽ (35), അത്താണിക്കൽ സ്വദേശി കെ.വി. ഷിഹാബ് (43), മലാപ്പറമ്പ് സ്വദേശി എ. റബിൻ എന്നിവരെയാണ് സൈബർ പോലീസ് പിടികൂടിയത്.
തട്ടിപ്പ് രീതി ഇങ്ങനെ
പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ കാനറ ബാങ്കിൽ ആരോ അക്കൗണ്ട് തുടങ്ങിയെന്നും അതുവഴി 4 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നുമാണ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചത്. തുടർന്ന് മുംബൈ പോലീസാണെന്ന് വ്യാജേന വീഡിയോ കോളിലൂടെ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്വേഷണം വിദേശത്തേക്ക്
സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിൽ, തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകിയത് അറസ്റ്റിലായവരാണെന്ന് കണ്ടെത്തി. കേസിൽ അന്താരാഷ്ട്ര തലത്തിലുള്ള സംഘങ്ങളുടെ ഇടപെടലുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിന്റെ ആദ്യ ഘട്ടത്തിൽ കേരള ബാങ്കിലെ ഒരു അക്കൗണ്ട് ഉപയോഗിക്കപ്പെട്ടതായും സൈബർ പോലീസ് കണ്ടെത്തി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ കാലതാമസം കൂടാതെ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ, www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു.