

കോട്ടയം: കനത്ത സുരക്ഷയുള്ള കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്‌സുകളിൽ കവർച്ചാ പരമ്പര. രണ്ടിടങ്ങളിൽ നിന്നായി 75 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. മുൻവശത്ത് മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുടെ കാവലുള്ള മേഖലയിൽ നടന്ന ഈ വൻ മോഷണം പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.
ഒരു ക്വാർട്ടേഴ്‌സിൽ നിന്ന് 43 പവനും രണ്ടാമത്തെ ക്വാർട്ടേഴ്‌സിൽ നിന്ന് 32 പവനും സ്വർണം നഷ്ടപ്പെട്ടു. താമസക്കാർ സ്ഥലത്തില്ലാതിരുന്ന ക്വാർട്ടേഴ്‌സുകളുടെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മൂന്ന് ക്വാർട്ടേഴ്‌സുകളിൽ കൂടി കവർച്ചാശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ ഇല്ലാതിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞദിവസം രാത്രി അസ്വാഭാവിക ശബ്ദങ്ങളും നായ കുരയ്ക്കുന്നതും കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. എന്നാൽ മറ്റ് താമസക്കാർ എത്തിയതാകാം എന്നാണ് ഇവർ കരുതിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മാങ്ങാനത്ത് 50 പവൻ മോഷണം പോയ കേസിൽ പിടിയിലായ മധ്യപ്രദേശ് സ്വദേശി അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. സമാനമായ രീതിയിൽ വടക്കൻ കേരളത്തിൽ നടന്ന മോഷണങ്ങളെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും ക്വാർട്ടേഴ്‌സുകളിൽ തെളിവെടുപ്പ് പൂർത്തിയാക്കി. അന്തർസംസ്ഥാന മോഷ്ടാക്കളാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.