കോട്ടയം: വൈക്കം മുറിഞ്ഞപുഴയാറ്റിൽ യുവാവിനെ കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി (Vaikom Noel Murder Case). ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ ഷമീർ, സിനാജ്, അബ്ദുൾ അസീസ്, സുധീർ, ഷാജി എന്നിവർക്കാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
അഞ്ച് പ്രതികൾക്കും ഏഴ് വർഷം കഠിനതടവും ഒരാൾക്ക് 50,000 രൂപ വീതം പിഴയും വിധിച്ചു.പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും, 50,000 രൂപ പരിക്കേറ്റ സഹോദരൻ നോബിളിനും നൽകണം.തെളിവുകളുടെ അഭാവത്തിൽ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. വിചാരണയ്ക്കിടെ കൂറുമാറിയ നാല് സാക്ഷികൾക്കെതിരെ കേസെടുക്കാനും ജഡ്ജി വി. സതീഷ് കുമാർ ഉത്തരവിട്ടു.
2012 മാർച്ച് 16-ന് വൈക്കത്തെ പെട്രോൾ പമ്പിൽ വെച്ച് ബസ് പിന്നോട്ട് എടുക്കുമ്പോൾ ബൈക്കിൽ തട്ടിയതിനെച്ചൊല്ലി ബസ് ഡ്രൈവർ നോബിളും പ്രതികളും തമ്മിൽ തർക്കമുണ്ടായി.പ്രതികൾ നോബിളിനെ പലയിടങ്ങളിലും വെച്ച് മർദിച്ചു. ചികിത്സ തേടിയ ആശുപത്രിയിലെത്തിയും ഇവർ ആക്രമണം തുടർന്നു.
പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ നോബിളും സഹോദരൻ നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി. എന്നാൽ പ്രതികൾ കരയിൽ നിന്ന് മാരകായുധങ്ങളും കല്ലുകളും ഉപയോഗിച്ച് എറിഞ്ഞ് ഇവരെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ നോയൽ ആറ്റിൽ മുങ്ങിമരിച്ചു.
News Summary:
The Kottayam Additional Sessions Court has sentenced five individuals to seven years of rigorous imprisonment for the 2012 murder of 23-year-old Noel. The incident began with a minor dispute over a bus hitting a bike at a petrol pump in Vaikom. The accused chased Noel and his brother Noble, who jumped into the Murinjapuzha river to escape. The convicts pelted them with stones from the bank, causing Noel to drown. The court also ordered compensation for the victim’s family and initiated action against four hostile witnesses.

