
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രശസ്തി വർദ്ധിപ്പിച്ചുകൊണ്ട് ഡോ. ടി.കെ. ജയകുമാറിന്റെയും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു.(Kottayam Medical College makes history by performing the first lung transplant surgery in a government hospital in Kerala)
തിരുവനന്തപുരം സ്വദേശിയായ അനീഷിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ലഭിച്ച ശ്വാസകോശമാണ് കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് മാറ്റിവെച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി വൈകിയും തുടർന്നു.
ഇവിടെത്തന്നെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയകളും നടക്കുന്നത്. ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തിൽ ഒരേസമയം ശ്വാസകോശവും ഹൃദയവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ നടക്കുന്നു എന്നതും അത്യപൂർവമാണ്.
ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവിയായ ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വർഷങ്ങളായുള്ള പരിശ്രമമാണ് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ആശുപത്രിയെ സജ്ജമാക്കിയത്. 2015 ഫെബ്രുവരി 16-ന് രണ്ട് അവയവ മാറ്റങ്ങൾക്കുമുള്ള സർക്കാർ അനുമതിയും ലൈസൻസും ആശുപത്രിക്ക് ലഭിച്ചിരുന്നു. 2015 സെപ്റ്റംബർ 15-നാണ് ഇവിടെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇതുവരെ 10 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ വിജയകരമായി പൂർത്തിയാക്കിയത്.
ശ്വാസകോശം മാറ്റിവയ്ക്കുന്നതിനുള്ള 2015 മുതലുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. പലതവണ ശ്വാസകോശം മാറ്റിവയ്ക്കാൻ സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അവയൊന്നും യാഥാർത്ഥ്യമായിരുന്നില്ല.