കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ യുവാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.(Kothamangalam murder case, Francis arrested for killing man by hitting him on the head)
ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഫ്രാൻസിസും സിജോയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫ്രാൻസിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
വീട്ടിൽ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് ഫ്രാൻസിസ് തന്നെയാണ് നാട്ടുകാരെ വിളിച്ചുവരുത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തുണികൊണ്ട് മൂടിയിരുന്നു.
സംഭവം നടക്കുമ്പോൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സിജോയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.