റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന കൂളിമാട് പാലത്തോട് അനുബന്ധിച്ചുള്ള ഓട്ടുപാറ–കൂളിമാട് റോഡിന്റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിച്ച നടപടി പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ, നിലവിലെ ടെൻഡർ വ്യവസ്ഥകളിലെ അപാകത കാരണം ഈ സ്വപ്നം പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ ഭാവിയും പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ അനുവദിച്ച തുകയും ടെൻഡറിലെ നിർദ്ദേശങ്ങളും അപര്യാപ്തമാണെന്നാണ്
ദേശീയപാതകളോട് കിടപിടിക്കുന്ന പ്രാധാന്യമാണ് ഓട്ടുപാറ–കൂളിമാട് റോഡിനുള്ളത്. ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത, കോഴിക്കോട് എയർപോർട്ട് ഗ്രീൻഫീൽഡ് പ്രോജക്റ്റ് എന്നിവയുടെയെല്ലാം പ്രധാന കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഈ റോഡിന്റെ നവീകരണം അതീവ പ്രാധാന്യം അർഹിക്കുന്നു. എന്നാൽ, 0.925 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണത്തിനായി ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വെറും 495 ഘനമീറ്റർ മണ്ണ് നീക്കം ചെയ്യൽ (Excavation) മാത്രമാണ്.
നിലവിൽ ഈ റോഡിലെ കയറ്റം (Gradient) വളരെ കൂടുതലാണ്. ഈ കയറ്റം കുറച്ച്, പൂർണ്ണമായി ലോഡ് ചെയ്ത കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കണമെങ്കിൽ, കുറഞ്ഞത് 3000 ഘനമീറ്റർ മണ്ണെങ്കിലും നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. നിലവിലെ ടെൻഡർ വ്യവസ്ഥകൾ പ്രകാരം പ്രവൃത്തികൾ പൂർത്തിയാക്കിയാൽ, റോഡ് താൽക്കാലികമായി യാത്രായോഗ്യമായേക്കാം. എന്നാൽ, ദീർഘകാലത്തേക്ക് വലിയ വാഹനങ്ങൾക്കും പൊതുഗതാഗത സംവിധാനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ നിലവിലെ അവസ്ഥയിൽ കഴിയില്ല. മാത്രമല്ല, കയറ്റം കൂടുതലായതിനാൽ ഭാവിയിൽ ബസ് പെർമിറ്റ് ലഭിക്കുന്നതിന് പോലും തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
"...വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന രീതിയിൽ ഈ റോഡ് വികസിപ്പിച്ചില്ലെങ്കിൽ, ഇത്രയും വലിയ പദ്ധതിയുടെ പ്രയോജനം പൂർണ്ണമായി ലഭിക്കില്ല. കുറഞ്ഞത് 3000 ക്യൂബിക് മീറ്റർ മണ്ണെങ്കിലും നീക്കം ചെയ്യണം. അധികൃതർ അടിയന്തരമായി ഇടപെടണം." ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനോടകം തന്നെ അധികാരികളെ സമീപിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 26-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടിയായി, ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ വിഷയം പരിശോധനയ്ക്കായി അയച്ചതായി മറുപടി ലഭിച്ചു. കൂടാതെ, ഇ-ഓഫീസിൽ പരാതി സ്വീകരിക്കുകയും 3145886 എന്ന റഫറൻസ് നമ്പറും ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സി എം കണക്റ്റ് പദ്ധതിയിലും പരാതി നൽകിയിട്ടുണ്ട്.
റോഡിന്റെ ഭാവി പരിഗണിച്ച്, ടെൻഡർ വ്യവസ്ഥകൾ അടിയന്തരമായി പുനഃപരിശോധിച്ച്, ആവശ്യമായ മണ്ണ് നീക്കത്തിന്റെ അളവ് (3000 ഘനമീറ്റർ എങ്കിലും) വർദ്ധിപ്പിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഓട്ടുപാറ–കൂളിമാട് റോഡിലെ ജനങ്ങളുടെ ഒരേയൊരു ആവശ്യം. പ്രധാനപ്പെട്ട ഒരു വികസന പദ്ധതി പാതിവഴിയിൽ വഴിമുട്ടിപ്പോകാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ഉചിതമായ തീരുമാനം ഉണ്ടാകണമെന്ന് നാട്ടുകാർ പറയുന്നു.