പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. നോട്ടീസ് പതിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.(Konni Medical College notice controversy, Action to be taken against the head of the surgery department)
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് തേടി. ഒരാഴ്ച മുമ്പാണ് സർജറി ഒ.പിക്ക് സമീപമുള്ള വാതിലിൽ ആശുപത്രിയിലെ പരിമിതികൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള നോട്ടീസ് ഡോക്ടർ ശിവപ്രസാദ് പതിച്ചത്. മെഡിക്കൽ കോളജിലെ സൗകര്യക്കുറവ് മൂലം രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതിൽ സൂചിപ്പിച്ചിരുന്നു.
ആശുപത്രിയിലെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കുന്നതിന് പകരം പരസ്യമായി നോട്ടീസ് പതിപ്പിച്ചത് സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഔദ്യോഗിക ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോഗ്യവകുപ്പ് കരുതുന്നു.

