കൊണ്ടോട്ടി മാലിന്യം തള്ളൽ കേസ്: ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കണം; മലപ്പുറം കളക്ടർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

കൊണ്ടോട്ടി മാലിന്യം തള്ളൽ കേസ്: ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കണം; മലപ്പുറം കളക്ടർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം
Published on

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വൻതോതിൽ ആശുപത്രി മാലിന്യം ഉൾപ്പെടെ തള്ളിയ സംഭവത്തിൽ, ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി മലപ്പുറം ജില്ലാ കളക്ടറോട് ഉത്തരവിട്ടു. ഓഗസ്റ്റ് നാലിനാണ് പരിസ്ഥിതിക്ക് ഭീഷണിയാകുംവിധം കരിങ്കൽ ക്വാറിയിൽ ടൺ കണക്കിന് മാലിന്യം തള്ളിയത്.

മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമരസമിതി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നേരത്തെ കളക്ടർക്ക് നൽകിയ പരാതി പരിഗണിച്ചുകൊണ്ടായിരിക്കണം നിയമപരമായ തീരുമാനം നൽകേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.

മാലിന്യം പൂർണ്ണമായും നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരസമിതി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കളക്ടർ, ആർ.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാതായതോടെയാണ് സമരസമിതി ഹൈക്കോടതിയെ സമീപിച്ചത്.

മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് അധികൃതരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉറപ്പിനെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരസമിതിയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി ഇപ്പോൾ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com