കൊല്ലം: പാഠഭാഗങ്ങൾ എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചുതകർത്തു. മയ്യനാട് സ്വദേശിയായ പതിനാറുകാരനാണ് മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ വെച്ച് ക്രൂരമർദ്ദനത്തിനിരയായത്. കുട്ടിയുടെ ശരീരമാകെ മർദ്ദനമേറ്റ പാടുകൾ വീഴുകയും ചെയ്തിട്ടുണ്ട്.(Kollam tuition center principal's brutality, Plus One student beaten brutally)
നാഷണൽ സർവീസ് സ്കീം ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഏതാനും ദിവസങ്ങൾ കുട്ടി ട്യൂഷന് എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ നോട്ട്സ് പൂർത്തിയാക്കുന്നതിനായി കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ സ്കൂളിൽ വിടാതെ ട്യൂഷൻ സെന്ററിൽ തന്നെ ഇരുത്തി എഴുതിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ട് ക്ലാസിലെത്തിയ പ്രിൻസിപ്പൽ നോട്ട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് ചൂരൽ ഉപയോഗിച്ച് ക്രൂരമായി തല്ലുകയായിരുന്നു.
മർദ്ദനത്തിന് പിന്നാലെ ട്യൂഷൻ സെന്റർ അധികൃതർ തന്നെ കുട്ടിയെ വീട്ടിലെത്തിച്ചു. കൈയിൽ 'ചെറിയ മുറിവ്' പറ്റിയെന്ന് പറഞ്ഞാണ് ഇവർ മടങ്ങിയത്. എന്നാൽ രാത്രി പിതാവ് എത്തിയപ്പോഴാണ് കാര്യങ്ങൾ തിരിച്ചറിഞ്ഞത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
സംഭവത്തെത്തുടർന്ന് മേവറത്തെ ട്യൂഷൻ സെന്ററിനെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.