

തവാങ്/കൊട്ടിയം: അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കിടെ തടാകത്തിലെ ഐസ് പാളി തകർന്ന് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി മാധവ് മധുവിനെ തടാകത്തിൽ കാണാതായി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തി.
കൊട്ടിയം നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരായ ഏഴംഗ സംഘമാണ് രണ്ട് ദിവസം മുൻപ് വിനോദയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് തവാങ്ങിലേക്കുള്ള യാത്രയ്ക്കിടെ തണുത്തുറഞ്ഞ സേല തടാകം കാണാൻ സംഘം ഇറങ്ങുകയായിരുന്നു. സംഘത്തിലെ മൂന്ന് പേർ തടാകത്തിലെ ഐസ് പാളികൾക്ക് മുകളിലൂടെ നടക്കുമ്പോൾ ഐസ് തകർന്ന് താഴേക്ക് പോയി.
ഈ സമയം നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ബിനു, കൂട്ടുകാർ അപകടത്തിൽപ്പെട്ടത് കണ്ട് അവരെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ബിനു മുങ്ങിത്താഴുകയായിരുന്നു എന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രാത്രിയായതോടെ തടാകത്തിലെ രക്ഷാപ്രവർത്തനം ദുഷ്കരമായതായി തവാങ് എസ്.പി തൊംഗൻ അറിയിച്ചു. കാണാതായ മാധവ് മധുവിനെ കണ്ടെത്താൻ സൈന്യത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹായത്തോടെ തിരച്ചിൽ പുരോഗമിക്കുകയാണ്.
മരിച്ച ബിനു പ്രകാശ് പ്രകാശിന്റെയും ബീനയുടെയും മകനാണ്. സഹോദരൻ മനു. സംഭവമറിഞ്ഞ് ബിനുവിന്റെ ബന്ധുക്കൾ അരുണാചലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിനോദയാത്ര ദുരന്തമായി മാറിയതിന്റെ ആഘാതത്തിലാണ് ബിനുവിന്റെ നാടും സഹപ്രവർത്തകരും.