

കൊല്ലം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊല്ലം മുണ്ടക്കൽ പാപനാശം സ്വദേശി അരവിന്ദ് (ചന്തു) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
മാസങ്ങൾക്ക് മുമ്പ് ഒരു വിവാഹ സൽക്കാരത്തിനിടെയാണ് പ്രതി പെൺകുട്ടിയെ ആദ്യമായി കാണുന്നത്. തുടർന്ന് ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം സന്ദേശങ്ങൾ അയച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയ പ്രതി, പെൺകുട്ടിയെ പലയിടങ്ങളിലും കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിന്നാലെ പ്രതി മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇതിൽ മനോവിഷമത്തിലായ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ രക്ഷിതാക്കൾ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്നാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.
പൂയപ്പള്ളി പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ (POCSO) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുണ്ടക്കൽ സ്വദേശിയായ അരവിന്ദിനെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.