

കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ.എച്ച്.എ.ഐ. (NHAI) അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർക്ക് പുറമെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ ഒരു വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻ.എച്ച്.എ.ഐ. റിപ്പോർട്ട് തേടിയിട്ടുണ്ട്.വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകരുകയായിരുന്നു.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും, നിർമ്മാണത്തിൽ വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക മറുപടി.കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗം നിർമ്മാണത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് വിലയിരുത്തും.