'ജില്ലാ കമ്മിറ്റി അംഗം പോയി, പാർട്ടി രക്ഷപ്പെട്ടു'; സുജ ചന്ദ്രബാബുവിന്റെ ലീഗ് പ്രവേശനം ആഘോഷമാക്കി സിപിഐഎം പ്രവർത്തകർ |Suja Chandrababu

'ജില്ലാ കമ്മിറ്റി അംഗം പോയി, പാർട്ടി രക്ഷപ്പെട്ടു'; സുജ ചന്ദ്രബാബുവിന്റെ ലീഗ് പ്രവേശനം ആഘോഷമാക്കി സിപിഐഎം പ്രവർത്തകർ |Suja Chandrababu
Updated on

അഞ്ചൽ: സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നത് പായസവും പച്ച ലഡുവും വിതരണം ചെയ്ത് ആഘോഷമാക്കി അഞ്ചലിലെ സിപിഐഎം പ്രവർത്തകർ. പാർട്ടിക്കുള്ളിലെ 'ബാധ' ഒഴിഞ്ഞുപോയെന്നും ഇതോടെ പാർട്ടി രക്ഷപ്പെട്ടെന്നുമാണ് പ്രവർത്തകരുടെ പരിഹാസം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോഹം മൂലമാണ് സുജ പാർട്ടി വിട്ടതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇടത് മുന്നണിയിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണ് ഈ കൂടുമാറ്റമെന്നും അവർ പറഞ്ഞു.

പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അഞ്ചലിൽ പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തത്. വഞ്ചകർ പാർട്ടി വിടുന്നത് ശുദ്ധികലശമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. മുപ്പത് വർഷത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നത്. മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇവർക്ക് മികച്ച ജനകീയ അടിത്തറയുണ്ട്.

സിപിഐഎം പറയുന്നതുപോലെ മതനിരപേക്ഷമല്ല പാർട്ടിക്കുള്ളിലെ കാര്യങ്ങളെന്നും നിലപാടുകളിലെ പ്രതിഷേധം മൂലമാണ് പാർട്ടി വിടുന്നതെന്നും സുജ പ്രതികരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് സുജ ലീഗ് അംഗത്വം സ്വീകരിച്ചത്.

കൊല്ലം ജില്ലയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ പാർട്ടി വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് സുജ ചന്ദ്രബാബു. കഴിഞ്ഞയാഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. മുതിർന്ന വനിതാ നേതാക്കളുടെ ഈ വിക്കറ്റ് വീഴ്ച ജില്ലയിലെ സിപിഐഎമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com