

കൊല്ലം: ആയൂരിൽ ബന്ധുവായ യുവാവിനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. വഞ്ചിപ്പട്ടി സ്വദേശി ബിനുരാജ്, ഭാര്യ എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബിനുരാജിന്റെ മൊബൈൽ ഫോണിൽ പ്രതിയായ സ്റ്റെഫിന്റെ ഭാര്യയുടെ നമ്പർ സേവ് ചെയ്തിരിക്കുന്നത് സ്റ്റെഫിൻ കാണാനിടയായി. വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ ശത്രുതയിലായിരുന്നു. ഈ വൈരാഗ്യം വെച്ച് സ്റ്റെഫിൻ ബിനുരാജിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
പട്ടികക്കമ്പുമായി വീട്ടിലെത്തിയ പ്രതി ബിനുരാജിന്റെ തലയ്ക്കും ദേഹത്തും ക്രൂരമായി അടിച്ചു. ഇത് തടയാൻ ശ്രമിച്ച ബിനുരാജിന്റെ ഭാര്യയെയും പട്ടികക്കമ്പ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. അടിയേറ്റ് ബോധരഹിതനായി വീണ ബിനുരാജിനെയും ഭാര്യയെയും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സ്റ്റെഫിനെ വൈക്കൽ ഭാഗത്തുനിന്നാണ് ചടയമംഗലം പോലീസ് സംഘം പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആശുപത്രിയിലെത്തി ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.