പത്തനംതിട്ട : പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാൾ പ്രതിയാണ് എന്ന വിവരമാണ് പുറത്തുവന്നത്. ഈ പോക്സോ കേസില്‍ ജയേഷ് ജയിലില്‍ കിടന്നിട്ടുണ്ട്.
പ്രതിയുടെ പിൻകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്. പരാതിക്കാരനെയും കൂട്ടി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ജയേഷിന്റെ വീട്ടിൽ ആലപ്പുഴക്കാരനായ 19കാരനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പത്തൊമ്പതുകാരന് നേരിട്ട അതിക്രൂരമർദനം പോലീസിനോട് വിശദീകരിച്ചു.
ജയേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം. നാളെ തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. അതിന് ശേഷമായിരിക്കും രഹസ്യ വിവരങ്ങൾ അടങ്ങിയ ജയേഷിന്റെ ഫോൺ അടക്കം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുക.