തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം ദളിത് പ്രോഗ്രസ് കോൺക്ലേവിൽ വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. താൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണെന്നും, പ്രസംഗിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുറന്നു പറഞ്ഞാൽ വിവാദമായേക്കാമെന്നും, ശത്രുക്കൾ കൂടിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ പ്രസംഗം എഴുതിക്കൊണ്ടാണ് വന്നതെന്ന് എം പി ചൂണ്ടിക്കാട്ടി.
എട്ടു തവണ ജയിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്നും, തുടർച്ചയായി സംവരണ മണ്ഡലത്തിൽ ജയിക്കുന്നത് എളുപ്പമല്ലെന്നും പറഞ്ഞ അദ്ദേഹം, താൻ പല തരത്തിലുള്ള ആക്രമണം നേരിട്ടുവെന്നും, തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നും അറിയിച്ചു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാർട്ടി പറഞ്ഞതിനാൽ മത്സരിച്ചുവെന്നും, തന്നെ മാത്രം വേട്ടയാടുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.