

കൊച്ചി: കേരള പോലീസിനെ പ്രതിരോധത്തിലാക്കി കൊച്ചിയിൽ ഉദ്യോഗസ്ഥരുടെ കൂട്ട സസ്പെൻഷൻ. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ വിവിധ ക്രിമിനൽ കേസുകളിൽ അന്വേഷണ വിധേയമായി ആറ് പോലീസുകാരാണ് സസ്പെൻഷനിലായത്. ലഹരി മാഫിയ ബന്ധം, ലൈംഗികാതിക്രമം, കൈക്കൂലി എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിരിക്കുന്നത്.
ലഹരിമരുന്ന് ബന്ധവും അതിക്രമവും
കാലടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുബീറിനെ ലഹരി മാഫിയ ബന്ധത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. സുബീറിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന സ്ത്രീയിൽ നിന്ന് എക്സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന രഹസ്യാന്വേഷണത്തിലാണ് സുബീറിന്റെ പങ്ക് വ്യക്തമായത്.
മറ്റൊരു സംഭവത്തിൽ, പാസ്‌പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പള്ളുരുത്തി സി.പി.ഒ വിജീഷിനെയും സസ്പെൻഡ് ചെയ്തു. യുവതിയെ കാറിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഹാർബർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.
ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ 6.60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കുറുപ്പുംപടി സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ട മറ്റുള്ളവർ. ഗ്രേഡ് എസ്.ഐ അബ്ദുൾ റൗഫ്, സി.പി.ഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു ജോസ് എന്നിവരെയാണ് റൂറൽ എസ്.പി കെ. ഹേമലത സസ്പെൻഡ് ചെയ്തത്. പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി.