

കൊച്ചി: ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി പാറമടയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ശാസ്‌താംമുകൾ കിണറ്റിങ്കൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചതിൽ മനംനൊന്ത് താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് എഴുതിയ കുറിപ്പ് പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്നും പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ആദിത്യ. മാമലയിലെ ഒരു പാറമടയ്ക്ക് സമീപം സ്കൂൾ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാറമടയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
ബാഗിൽ നിന്ന് ലഭിച്ച കുറിപ്പിൽ, കഴിഞ്ഞ 19-ാം തീയതി തന്റെ സുഹൃത്തായ കൊറിയൻ യുവാവ് മരിച്ചതായും ആ വിയോഗം താങ്ങാനാകാതെ താൻ പോകുന്നുവെന്നും പെൺകുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടി പറഞ്ഞ യുവാവ് യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടോ എന്നും ഇവർ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചോറ്റാനിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദങ്ങളിൽ മറ്റെന്തെങ്കിലും ചതിക്കുഴികൾ ഉണ്ടോ എന്നും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.