'സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്‌പോർട്ട് ഇനിഷ്യേറ്റീവ്' : കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം | Kochi Metro

കൊച്ചി മെട്രോ സ്വന്തം ഊർജ്ജാവശ്യങ്ങളുടെ 53 ശതമാനവും സൗരോർജ്ജ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത്.
'സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്‌പോർട്ട് ഇനിഷ്യേറ്റീവ്' : കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം | Kochi Metro
Published on

കൊച്ചി: ഹരിത ഗതാഗത രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) കേന്ദ്ര സർക്കാരിൻ്റെ ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏർപ്പെടുത്തിയ 'സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്‌പോർട്ട് ഇനിഷ്യേറ്റീവ്' അവാർഡാണ് കൊച്ചി നേടിയത്.(Kochi Metro wins national award for 'India's only green transport city')

ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന 'അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസി'ന്റെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാൽ പുരസ്‌കാരം സമ്മാനിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ സഞ്ജയ് കുമാർ, ഡോ. എം.പി. രാംനവാസ് എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

"മെഗാ ഗ്രീൻ എനർജി പ്രോജക്ട്സ് പവറിംഗ് കൊച്ചിസ് ട്രാൻസ്‌പോർട്ട് സെക്ടർ" എന്ന പദ്ധതിയിലൂടെ സുസ്ഥിര വളർച്ചയിൽ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങളാണ് അവാർഡിന് പരിഗണിച്ചത്. ഈ പദ്ധതി നടപ്പാക്കിയത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL), കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ശ്രമഫലമായാണ്.

ഇന്ത്യയിൽ വായു, കര, റെയിൽ, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊർജ്ജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവർത്തിക്കുന്ന ഏക നഗരമാണ് കൊച്ചി. സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിൻ്റെ ദേശീയ മാതൃകയായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണെന്ന് KMRL ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ സ്വന്തം ഊർജ്ജാവശ്യങ്ങളുടെ 53 ശതമാനവും സൗരോർജ്ജ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത്.

2028-ഓടെ പൂർണമായും സൗരോർജ്ജത്തിലേക്ക് മാറുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. 11.33 മെഗാവാട്ട് വൈദ്യുതിയാണ് സൗരോർജ്ജത്തിലൂടെ KMRL ഉൽപ്പാദിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനുകൾക്ക് മുകളിലും ഡിപ്പോ ട്രാക്കുകളിലും പാതകളിലുമായി ഒരുക്കിയ സോളാർ പാനലുകൾ വഴി വർഷം തോറും 13,000 ടണ്ണിലധികം കാർബൺ വിസർജനം കുറയ്ക്കുന്നു (ഇത് അഞ്ച് ലക്ഷം വൃക്ഷങ്ങൾ നട്ടതിനു തുല്യമാണ്).

കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകളും ഇ-ഓട്ടോകളും വാട്ടർ മെട്രോ ഇലക്ട്രിക് ബോട്ടുകളും നഗരത്തിലെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിയെ കൂടുതൽ ശുദ്ധവും സുരക്ഷിതവുമാക്കുന്നു. പൂർണ്ണമായും സൗരോർജ്ജ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായ സിയാലും ഹരിത ഊർജ്ജ വ്യാപനത്തിന് കരുത്തുപകരുന്നുണ്ട്.

സോളാർ-ഹൈഡ്രോ സംയോജനത്തിലൂടെ സിയാൽ 55 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. കൊച്ചി മെട്രോയും സിയാലും ചേർന്ന് ഉൽപ്പാദിപ്പിക്കുന്ന 66.33 മെഗാവാട്ട് ഹരിത ഇന്ധനം പ്രതിവർഷം 62,000 ടണ്ണിലധികം കാർബൺ എമിഷൻ കുറയ്ക്കുന്നു.

കൊച്ചിയെ ശുചിത്വവും ഉത്തരവാദിത്തബോധവുമുള്ള നഗരമാക്കി മാറ്റുന്നതിൽ ജനങ്ങളുടെ കൂട്ടായ പരിശ്രമം പങ്കുവഹിച്ചതായി ലോക്നാഥ് ബെഹ്റ പറഞ്ഞു. വൻതോതിലുള്ള വൃക്ഷത്തൈ നടീൽ, ട്രെയിൻ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി പുറംതള്ളുന്ന വെള്ളത്തിൻ്റെ 80 ശതമാനം വരെ ശുദ്ധീകരിക്കുന്ന ജലശുദ്ധീകരണ സംവിധാനം, സ്റ്റേഷനുകളിലെ ജൈവ മാലിന്യ സംസ്കരണ യൂണിറ്റുകൾ. സിയാൽ സോളാർ പാനലുകളുടെ കീഴിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചതും ഊർജ്ജോൽപ്പാദനം വർദ്ധിപ്പിക്കാൻ പേയന്നൂരിൽ നടപ്പാക്കിയ പ്രത്യേക സോളാർ ഇൻസ്റ്റലേഷനുകളും എന്നിവയാണ് അവാർഡ് നൽകാനുള്ള മറ്റു കാരണങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com