കൊച്ചി: പുതുവർഷത്തലേന്നും പുലർച്ചെയുമായി കൊച്ചി മെട്രോയുടെ വിവിധ യാത്രാ സംവിധാനങ്ങൾ ഉപയോഗിച്ചത് 1,61,683 പേർ. റെക്കോർഡ് യാത്രക്കാരെ ലഭിച്ചതോടെ പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ പുതിയ ചരിത്രം കുറിച്ചു. ഡിസംബർ 31-ന് മാത്രം 44,67,688 രൂപയാണ് മെട്രോ ട്രെയിൻ വരുമാനമായി നേടിയത്.(Kochi Metro achieves record in the new year, Revenue crosses Rs 44 lakh)
കൊച്ചി മെട്രോ ട്രെയിനിൽ പുലർച്ചെ രണ്ട് മണിവരെ നീണ്ടുനിന്ന സർവീസുകളിൽ 1,39,766 പേർ യാത്ര ചെയ്തു. മട്ടാഞ്ചേരി, വൈപ്പിൻ, ഹൈക്കോടതി റൂട്ടുകളിൽ അധിക സർവീസുകൾ നടത്തിയ വാട്ടർ മെട്രോയിൽ 15,000 പേർ യാത്രക്കാരായെത്തി.
ഇതാദ്യമായി പുതുവർഷരാവിൽ സർവീസ് നടത്തിയ ഫീഡർ ബസുകളിൽ 6,817 പേർ യാത്ര ചെയ്തു. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും യാത്രക്കാരെ എത്തിക്കാൻ ഇത് സഹായകമായി.
കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാർന്ന സർവീസും ഹരിത ഗതാഗത സംവിധാനത്തോടുള്ള ജനങ്ങളുടെ താൽപ്പര്യവും ഈ റെക്കോർഡ് നേട്ടത്തിന് കാരണമായി. 2017-ൽ പ്രവർത്തനം തുടങ്ങിയ മെട്രോയിൽ ഇതുവരെ ആകെ 17.52 കോടി പേർ യാത്ര ചെയ്തിട്ടുണ്ട്.