കൊച്ചി: കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷ പരിപാടിയിൽ നിന്ന് കൊച്ചി മേയർ എം. അനിൽകുമാറിനെ ഒഴിവാക്കിയതായി പരാതി. പരിപാടിക്ക് തന്നെ ക്ഷണിച്ചില്ലെന്നും, രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് കോളേജ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും മേയർ പറഞ്ഞു.(Kochi Mayor excluded from President's event)
പ്രതിഷേധ സൂചകമായി വിട്ടുനിന്നു
പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച മേയർ, പിന്നീട് നാവികസേന ആസ്ഥാനത്ത് രാഷ്ട്രപതിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
കൊച്ചി നഗരത്തിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ എം. അനിൽകുമാർ പ്രതികരിച്ചു. രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കി എന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.
ഇത് കൊച്ചി നഗരത്തോടുള്ള അനാദരവാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സ് ഓഫീസ് ഉദ്ഘാടന വേളയിലും ക്ഷണം ലഭിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണനയാണ് ഇതിൽ കാണുന്നതെന്നും മേയർ എം. അനിൽകുമാർ വ്യക്തമാക്കി.