കൊച്ചി: നടൻ ഷൈന്‍ ടോം ലഹരി ഉപയോഗിക്കാറുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്നും അന്വേഷണവുമായി ഷൈന്‍ സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഇടപാടുകാരൻ സജീറിനായും അന്വേഷണം നടക്കുന്നുണ്ട്. സിനിമാ മേഖലയിലെ ലഹരി തടയാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവുകളുടെ അഭാവം ഉണ്ട്. കൂടുതൽ അറസ്റ്റിന്റെയും വകുപ്പുകളുടെയും കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
അതേസമയം, ഷൈൻ ടോം ചാക്കോയുടെ ഫോൺകോൾ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിച്ചശേഷം മാത്രം ഇനി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മതിയെന്നാണ് പൊലീസ് തീരുമാനം. ലഹരി പരിശോധനാഫലവും നിർണായകമാകും. ഹോട്ടൽ മുറിയിൽ നിന്ന് ഓടിയത് ഗുണ്ടകളാണെന്ന് കരുതിയാണെന്ന ഷൈനിന്റെ വാദം പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.