
തിരുവോണം ഇങ്ങെത്തിക്കഴിഞ്ഞു. ഉത്രാട പൂവിളിയിൽ തിരുവോണത്തെ വരവേൽക്കാനായി എല്ലാവീടുകളിലും ഒരുക്കങ്ങൾ പൊടിപൊടിക്കുന്നു. തിരുവോണ ദിനത്തിന്റെ തലേദിവസമാണ് ഉത്രാടം. ഈ ദിവസമാണ് ഓണത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾക്കായി മലയാളികൾ ഇറങ്ങുന്നത്. തിരുവോണം ആഘോഷിക്കാൻ അരി മുതൽ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാടം. ഓണക്കോടിയൊക്കെ നേരത്തേ വാങ്ങിയാലും ഓണസദ്യക്കുള്ള തയ്യാറെടുപ്പ് ഉത്രാടനാളിലാണ് ആരംഭിക്കുക. കുട്ടികൾ വീട്ടിൽ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി പരക്കംപാച്ചിലുമായി നടക്കുകയും ചെയ്യും. ഇതിനെയാണ് 'ഉത്രാടപ്പാച്ചിൽ' എന്ന് വിളിക്കുന്നത്. (Uthrada Pachil)
തിരുവോണത്തിന് അത്തം മുതൽ ഒരുക്കങ്ങൾ നടത്തിയാലും, ഇനി എത്രകണ്ട് എന്തൊക്കെ വാങ്ങിയാലും ഉത്രാടത്തിലെ നെട്ടോട്ടം കാലങ്ങളായുള്ള കിഴ്‌വഴക്കം തന്നെയാണ്. ഉത്രാടം പുലർന്നാൽ പിന്നെ എന്തൊക്കെ എങ്ങനെയൊക്കെ ഒരുക്കണം എന്ന തത്രപ്പാടിലാകും. ഇതിനിടയിലാകും വാങ്ങാൻ മറന്നു പോയ സാധനങ്ങളെ കുറിച്ച് ഓർക്കുന്നത്. ഇത് ഒരുകൂട്ടരുടെ കാര്യം മാത്രമാണ്. ഇനി മറ്റൊരു കൂട്ടർ കൂടിയുണ്ട്, അത്തം തുടങ്ങി എട്ടാം നാളു വരെയും യാതൊന്നും വാങ്ങാതെ, യാതൊരു ഒരുക്കങ്ങളും നടത്താത്ത കൂട്ടർ. നമ്മുടെ ഇടയിൽ ഈ കൂട്ടരാകും ഏറെ. ഈ കൂട്ടരാക്കും ഉത്രാടപ്പാച്ചിലിൽ ഏറെയും. ഉപ്പു മുതൽ കർപ്പുരം വരെയും ഇക്കൂട്ടരുടെ ലിസ്റ്റിൽ കാണും. ഇനി എത്ര നേരത്തെ എന്തൊക്കെ വാങ്ങി എന്ന് പറഞ്ഞിട്ടും കാര്യമില്ല മലയാളികളുടെ ഓണം ഓണമാക്കണം എങ്കിൽ ഉത്രാടപ്പാച്ചിൽ ഉണ്ടായേതീരൂ.
ഉത്രാട രാത്രി മുഴുവൻ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ ഗന്ധമായിരിക്കും കേരളത്തിലെ അടുക്കളകളിൽ. ഓണപ്പലഹാരങ്ങൾ തയ്യാറാക്കുന്നതിന്റെ തത്രപ്പാടിലായിരിക്കും കേരളത്തിലെ സ്ത്രീകൾ. അതുകൊണ്ടു തന്നെയാണ് ഈ ദിവസത്തെ ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആളുകൾ പുളിയിഞ്ചി, നാരങ്ങ തുടങ്ങിയ ചെറിയ സദ്യവട്ടങ്ങളൊക്കെ കുറച്ചു ദിവസങ്ങൾക്കു മുൻപേ തയ്യാറാക്കി വയ്ക്കുകയാണ് പതിവ്.
കേരളത്തിലെ എല്ലാം വിപണികളും ഉത്രാടപ്പാച്ചിലിനായി ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട കൊമ്പോളങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ തിക്കും തിരക്കും അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമാണ്. ഇന്നേ ദിവസം നിത്യോപയോഗ സാധനങ്ങൾക്ക് പോലും പൊള്ളുന്ന വിലയാക്കും. എന്നാൽ വില കണ്ട് സാധനങ്ങൾ വാങ്ങാതെ മടങ്ങുവാനും സാധിക്കില്ല.