
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം.
മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതി-മത-ഭേദമന്യേ ഓണം ആഘോഷിക്കുന്നു. തിരുവോണ ദിവസം പ്രജകളെ കാണുവാൻ വരുന്ന മാവേലിത്തമ്പുരാനെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ പ്രധാനമാണ് 'അത്തപ്പൂക്കളം'.
മുറ്റത്ത് തറയുണ്ടാക്കി അതിൽ ചാണകം മെഴുകി പൂക്കളമൊരുക്കുന്നതാണ് പതിവ്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ ഇടാൻ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ, മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനം ഉള്ളൂ. ഉത്രാട നാളിലാണ് പൂക്കളം പരമാവധി വലുപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കുന്നത്. പത്താം നാൾ പത്തിനം പൂക്കൾ കൊണ്ടൊരുക്കുന്ന പൂക്കളമാണ് ചിലയിടങ്ങളിൽ. പൂക്കൾ ആവശ്യത്തിനു സംഘടിപ്പിക്കാൻ കഴിവുള്ളവർ പത്തു നാളും പത്തിനം പൂക്കൾ കൊണ്ട് അത്തപ്പൂക്കളം തീർക്കും.
അത്തം പത്തോണം
ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങും. പണ്ട് ഓണം കഴിഞ്ഞ് പതിനാറാം നാൾ വരുന്ന മകം വരെ ഓണം ആഘോഷിച്ചിരുന്നു. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാൾ കൂടി രേവതി വരെയെങ്കിലും ഓണാഘോഷം എത്തിച്ചിരുന്നു. ഇപ്പോൾ സർക്കാരിന്റെ കണക്ക് അനുസരിച്ചാണെങ്കിലും ഉത്രാടം തുടങ്ങി നാലു നാൾ ഓണം തന്നെ. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കിൽ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി അതിൽ പൂവിടുന്നു.
പൂക്കളത്തിൽ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കൾ കൂടി ഉൾപ്പെടുത്തും. ഓണപ്പുലരിയിൽ പത്തു തരത്തിലുള്ള പൂക്കൾ കൊണ്ടായിരിക്കും പൂക്കളം. പണ്ടൊക്കെ പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണു പൂക്കളം തീർത്തിരുന്നത്. ഇന്ന് നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് പതിവുപോലെ ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുന്നത്.
ഓണാവേശം നിറച്ച് പൂവിളി
പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി അഥവാ പൊന്നോണത്തിന്റെ വിളി ഉയരുന്നത്. പണ്ട് പൂക്കൂടകളുമായി പൂ പറിക്കാൻ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതിൽത്തന്നെ ഓണക്കളിയുടെ ആവേശം നിറഞ്ഞിരുന്നു. ഇന്ന് സേലത്തു നിന്നും തിരുനെൽവേലിയിൽ നിന്നും വൻതോതിൽ പൂക്കൾ ട്രെയിൻ കയറി കൂകി വിളിച്ച് പുറപ്പെട്ടു തുടങ്ങി.