

ഓരോ മലയാളിക്കും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ് നവംബർ ഒന്ന്. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക രൂപീകരണ ദിനമായ ഈ സുപ്രധാന ദിനം നാം കേരള പിറവിയായി ആഘോഷിക്കുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെത്തുടർന്ന്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് 1956 നവംബർ 1 ന് കേരളം എന്ന സംസ്ഥാനം നിലവിൽ വരുന്നത്. ( Kerala Piravi)
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊണ്ട് കേരളം എന്ന ഒരൊറ്റ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യത്തിനുമേൽ ശക്തമായ പ്രക്ഷോഭങ്ങൾ കേരളത്തിൽ ഉടനീളം അരങ്ങേറിയിരുന്നു. ഇതിനായി നിലകൊണ്ട പ്രസ്ഥാനമായിരുന്നു ഐക്യകേരള പ്രസ്ഥാനം. ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ അവസാനിച്ചപ്പോൾ കേരളം തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയായും വിഭജിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ, ഇന്നത്തെ കേരളം തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയായും വിഭജിക്കപ്പെട്ടു. 1949 ജൂലൈ 1 ന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് കൊണ്ട് 'തിരു-കൊച്ചി' സംസ്ഥാനം രൂപീകരിച്ചു.
1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി ഫസൽ അലി കമ്മീഷനെ നിയമിക്കുന്നു. സർദാർ കെ.എം. പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രു എന്നിവർ കമ്മീഷനിലെ അംഗങ്ങളായിരുന്നു. ഫസൽ അലി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം, 1956 നവംബർ 1 ന് മലബാർ ജില്ലയും ദക്ഷിണ ദകാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും തിരു-കൊച്ചി സംസ്ഥാനത്തിലേക്ക് ചേർത്ത് കേരള സംസ്ഥാനം രൂപീകരിച്ചു. തിരുവിതാംകൂറിലെ നാല് താലൂക്കുകളായ തോവാലം, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നിവയും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളായി മദ്രാസ് സംസ്ഥാനത്തോട് (ഇന്നത്തെ തമിഴ്‌നാട്) കൂട്ടിച്ചേർത്തു. അങ്ങനെ, കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടപ്പെട്ടു.
ആദ്യ ഗവർണർ: കേരള സംസ്ഥാനത്തിന്റെ ആദ്യ ഗവർണർ ബി. രാമകൃഷ്ണ റാവു ആയിരുന്നു.
ആദ്യ പൊതുതിരഞ്ഞെടുപ്പ്: 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നു.
ആദ്യ മന്ത്രിസഭ: ഈ തിരഞ്ഞെടുപ്പിലൂടെ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.
ആദ്യ ചീഫ് ജസ്റ്റിസ്: കെ.ടി. കോശി.
ആദ്യ ചീഫ് സെക്രട്ടറി: എൻ.ഇ.എസ്. രാഘവാചാരി.
കേരളം എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഒരു ജനപ്രിയ സിദ്ധാന്തമനുസരിച്ച്, ‘കേരളം’ എന്ന പേര് ‘കേരം’ (തേങ്ങ) നിറഞ്ഞ ‘ആലം’ (ഭൂമി/സ്ഥലം) എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. മറ്റൊരു സിദ്ധാന്തമനുസരിച്ച്, ചേര രാജാക്കന്മാർ ഭരിച്ചിരുന്ന പുരാതന പ്രദേശമായിരുന്ന ‘ചേരളം’ എന്ന വാക്ക് കാലക്രമേണ ‘കേരളം’ എന്ന് ചുരുക്കി എന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു പുരാണമനുസരിച്ച്, മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ തന്റെ കോടാലി സമുദ്രത്തിലേക്ക് എറിഞ്ഞ് തിരിച്ചുപിടിച്ച നാടാണ് ഇന്നത്തെ കേരളം എന്ന് പറയപ്പെടുന്നു. പ്രകൃതി സൗന്ദര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഈ ഭൂമി പിന്നീട് ലോകമെമ്പാടും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേരിൽ പ്രശസ്തമായി..
കേരളപ്പിറവി നമ്മുടെ സംസ്ഥാനത്തിന്റെ ജന്മദിനം മാത്രമല്ല, മലയാളികളുടെ ഭാഷാപരവും സാംസ്കാരികവുമായ ഐക്യത്തിന്റെ പ്രതീകം കൂടിയാണ്. ചിതറിക്കിടക്കുന്ന മലയാളം സംസാരിക്കുന്ന സമൂഹങ്ങളെ ഈ ദിവസം ഒന്നിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. ഉയർന്ന സാക്ഷരതാ നിരക്കും മെച്ചപ്പെട്ട ജീവിത നിലവാരവും കേരളത്തിന്റെ അഭിമാനമാണ്. കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങളും കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്നു.
ഈ കേരളപ്പിറവി ദിനത്തിൽ, നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും നമുക്ക് ഓർമ്മിക്കാം. കൂടുതൽ പുരോഗമനപരവും സുരക്ഷിതവുമായ ഒരു നാളേക്കായി നമുക്ക് കൈകോർക്കാം.