
ഓണാഘോഷത്തിന്റെ തുടക്കമാണ് അത്തപ്പൂക്കളം. അത്തംനാൾ മുതലാണ് പൂക്കളമൊരുക്കാൻ തുടങ്ങുന്നത്. നമ്മുടെ ചുറ്റുവട്ടങ്ങളിൽക്കാണുന്ന തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും തെച്ചിയും തുളസിയും കോളാമ്പിപ്പൂവും ചെമ്പരത്തിപ്പൂവുമൊക്കെയാണ് പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. പൂക്കളത്തിൽ പ്രഥമസ്ഥാനം 'തുമ്പ'യ്ക്കു തന്നെയാണ്. അത്തം നാളിൽ തുമ്പ കൊണ്ട് പൂക്കളമൊരുക്കിത്തുടങ്ങുന്നു. തിരുവോണദിവസം തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നതിന് നിവേദിക്കുന്ന പൂവടയില്‍ തുമ്പപ്പൂ ചേര്‍ക്കാറുണ്ട്. ശ്രീപരമേശ്വരന്‍ തിരുജടയില്‍ തുമ്പപ്പൂ അണിഞ്ഞിരിക്കുന്നുവെന്ന വിശ്വാസം കേരളത്തിലുണ്ട്. അതുകൊണ്ട് ശിവപ്രീതിക്കായി തുമ്പപ്പൂ അര്‍പ്പിക്കുക പതിവാണ്. വിനയത്തിന്റെ പ്രതീകമായിക്കൂടി തുമ്പപ്പൂവിനെ കരുതിപ്പോരുന്നു. (Athapookalam)
തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നതെന്നാണ് ഐതിഹ്യം. പ്രാദേശികഭേദങ്ങള്‍ അത്തപ്പൂക്കളത്തിനുണ്ട്. അത്തം, ചിത്തിര, ചോതി എന്നീ നാളുകളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ചിലയിടങ്ങളിൽ അലങ്കരിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു വട്ടത്തിൽ മാത്രമേ പൂവിടാൻ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലുപ്പം കൂടി വരുന്നു. ഓരോ ദിവസം കഴിയുംതോറും അത്തപ്പൂക്കളത്തില്‍ നിറങ്ങളും കൂടിക്കൂടി വരുന്നു.
ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടം നാളിലാണ് പൂക്കളം പരമാവധി വലുപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് ഇന്നും ചില സ്ഥലങ്ങളിൽ പൂക്കളം ഒരുക്കുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ അത്തപ്പൂക്കളം ഇടാനായി ഉപയോഗിക്കുന്നു. അങ്ങനെ അത്തം പത്താകുമ്പോള്‍ അത്തപ്പൂക്കളത്തില്‍ പത്ത് നിറങ്ങളിലുള്ള പൂക്കളുണ്ടാവും. അത്തപ്പൂക്കളത്തിന് പത്തു തട്ടുകളാണ് പരമ്പരാഗത രീതി. ഓരോ തട്ടും ഓരോ ദേവതകളെ പ്രതിനിധീകരിക്കുന്നു. ഇപ്പോൾ തട്ടുകൾ സാധാരണമല്ല.
പത്തു വട്ടങ്ങളിലായി ഒതുങ്ങി ആ നാളുകൾ (അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം) ഒന്നാം തട്ടിൽ ഗണപതിയാണെന്നാണ് വിശ്വാസം. തുടർന്ന് രണ്ട്-പാർവ്വതി, മൂന്ന് -ശിവൻ, നാല്-ബ്രഹ്മാവ്, അഞ്ച് -പഞ്ചപ്രാണങ്ങൾ, ആറ് -സുബ്രഹ്മണ്യൻ, ഏഴ്-ഗുരുനാഥൻ, എട്ട്-അഷ്ടദിക് പാലകർ, ഒൻപത്-ഇന്ദ്രൻ, പത്ത് -മഹാവിഷ്ണു എന്നീ ദേവകളെ സങ്കല്പിച്ചാണ് അത്തപ്പൂക്കളം ഒരുക്കി പൂവിടുന്നത്.
ഓണനാളുകളിലെ വളരെ പ്രാധാന്യമുള്ള ദിവസമാണ് ഒമ്പതാം നാളായ ഉത്രാടം. കുടുംബാംഗങ്ങളെല്ലാം തിരുവോണത്തിന് മുമ്പ് എത്തിച്ചേരുന്ന ദിവസം, ഓണത്തിന്റെ അവസാന ഒരുക്കങ്ങൾ (ഉത്രാടപ്പാച്ചിൽ) നടക്കുന്ന ദിവസം. എല്ലാവരും ചേർന്ന് അത്തപ്പൂക്കളമിടാൻ ഈ ദിവസം അവസരമൊരുങ്ങുന്നു.
ഓണസദ്യയൊരുക്കി കുടുംബങ്ങൾ ഒത്തു ചേർന്ന് പത്താം നാളില്‍ തിരുവോണം കൊണ്ടാടുന്നു. അന്ന് അത്തപ്പൂക്കളം പൂർണരൂപത്തിൽ ഒരുക്കപ്പെടുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ നിർമിച്ച തൃക്കാക്കരയപ്പന്റെ വിഗ്രഹം തിരുവോണ ദിവസം ഇലയിൽ പ്രതിഷ്ഠിക്കും (ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലേ പ്രതിഷ്ഠ നടത്തും.) പ്രകൃതിയെ അറിയാനും അടുക്കാനും തലമുറകളെ സജ്ജമാക്കിയ മാര്‍ഗ്ഗം കൂടിയായിരുന്നു അത്തപ്പൂക്കളം. പൂക്കളത്തിന്റെ കൃത്യത, പൂക്കളുടെ തെരഞ്ഞെടുപ്പ്, ഉപയോഗിക്കുന്ന പൂക്കളുടെ ചേര്‍ച്ച, കളത്തിന്റെ നിറവ്, കളമൊരുക്കുന്നവരുടെ ഭാവന തുടങ്ങിയവയെല്ലാം അത്തപ്പൂക്കളത്തിൽ സമന്വയിപ്പിക്കുന്നു.