ഓണവും അനുഷ്ഠാനകലകളും: ഓണത്തെയ്യം മുതൽ കുമ്മാട്ടിക്കളി വരെ; ഓണക്കാലത്തെ ചില അനുഷ്ഠാനകലകളെ കുറിച്ച് അറിയാം |Onam and Ritual Arts 

Onam and Ritual Arts 
Published on

നമ്മുടെ കൊച്ചു കേരളം അനുഷ്ഠാനകലകളാൽ സമ്പന്നമാണ്. എണ്ണിയാൽ ഒടുങ്ങാത്ത അനുഷ്ഠാനകലകൾ കേരളക്കരയുടെ പാരമ്പര്യവും സംസ്കാരത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. പ്രാചീനകാലം മുതൽ പ്രത്യേക വിധിപ്രകാരം നടത്തിവരുന്ന കലാരൂപങ്ങളാണ് അനുഷ്ഠാനകലകൾ. അനുഷ്ഠാനകലകൾ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞു ചേർന്നിട്ടുള്ളവയാണ്. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. ഓരോ കലാരൂപത്തിനും അതിന്റെതായ പ്രാധാന്യവും പ്രാതിനിധ്യവുമുണ്ട്. ഇതാ മറ്റൊരു ഓണക്കാലം കൂടിയെത്തിയിരിക്കുന്നു, മുറ്റത്ത് അത്തപൂക്കളങ്ങളും ഊഞ്ഞാലുകളും ഒരുങ്ങിക്കഴിഞ്ഞു. ഇനി ആഘോഷങ്ങളുടെ ദിനങ്ങളാണ്. സദ്യക്കും അത്തപൂക്കളത്തിനും ഓണക്കാലത്ത് ഉള്ള അതെ പ്രാധാന്യം തന്നെയാണ് നമ്മുടെ അനുഷ്ഠാനകലകൾക്കും ഉള്ളത്. ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. നമ്മുക്ക് ഓണക്കാലത്തെ അനുഷ്ഠാനകലക്കളെ കുറിച്ച് അറിയാം (Onam and Ritual Arts).

ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താർ' എന്നും പേരുണ്ട്. വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു.അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലയിലാണ് ഈ തെയ്യം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്‌.

വേലൻ തുള്ളൽ

ഓണക്കാലത്ത് മാത്രം നടത്താറുള്ള 'ഓണം തുള്ളൽ' എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ്‌‍ അവതരിപ്പിക്കുന്നത്. ഉത്രാടനാളിലാണ്‌‍ ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിന് മുന്നിലായിരിക്കും ആദ്യ കളി. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും കളി നടക്കും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽപെട്ട ഏതെങ്കിലും ഒരു പുരുഷൻ എന്നിവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യും.

ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടും. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്

ഓണേശ്വരൻ അഥവ ഓണപ്പൊട്ടൻ

ഓണത്തെയ്യത്തിൽ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ചിങ്ങത്തിലെ ഉത്രാടം തിരുവോണം നാളുകളിൽ ‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നു. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേക രീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

ഓണവില്ല്

ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. പ്രാവീണ്യമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുന്ന വയലിൻ പോലെയുള്ള ഉപകരണമാണിത്.

പണ്ട് കാലങ്ങളിൽ ഓണക്കാലമായാൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ലെന്നാണ് പറയാറ്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണിത്.

കുമ്മാട്ടിക്കളി

ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഒരു കളിയാണ് കുമ്മാട്ടിക്കളി. കുമ്മാട്ടിപ്പുല്‍ ദേഹത്ത് വെച്ച് കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍, തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൃശ്ശൂരിൽ ഓണക്കാലത്തെ വിനോദം ആയിട്ടാണ് കുമ്മാട്ടി അവതരിപ്പിക്കുന്നത്. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com