പാരമ്പര്യത്തിൻ്റെയും ഭക്തിയുടെയും സമർപ്പണം; ഗുരുവായൂർ ക്ഷേത്രത്തിലെ ഓണക്കാഴ്ച|Onakkazcha

Onakkazcha
Published on

ഓണാഘോഷങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഗരുവായൂർ. ഗുരുവായൂരിലെ ഓണാഘോഷങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക ഉത്രാടനാളിലെ ഓണക്കാഴ്ച്ചയാക്കും (Onakkazcha). ഉത്രാട നാളിൽ രാവിലെ ക്ഷേത്ര മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കുന്നതോടെയാണ് ആഘോഷങ്ങളുടെ തുടക്കം. പ്രതിവർഷം ഉത്രാടനാളിൽ അരങ്ങേറുന്ന ഈ സമർപ്പണത്തിന് അതിന്റെതായ പ്രാധാന്യവും തനിമയുണ്ട്.

പണ്ട് കാലത്ത് ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടു മുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന്‌ കാഴ്ചയർപ്പിക്കുന്നത്‌ കുടിയാൻ ജൻമിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്.

ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമർപ്പിക്കുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ‍, പേതമംഗലം, വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന്‌ പെൺവീട്ടുകാർ ആൺവീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്‌. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കു മാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്.

Related Stories

No stories found.
Times Kerala
timeskerala.com