സുന്ദരിക്ക് പൊട്ടു തൊട്ട് തുടങ്ങി ഓണത്തല്ല് വരെ; ഓണം കളറാക്കാൻ ചില ഓണക്കളികൾ|Onakalikal

 onakalikal
Published on

ഓണം, ഓരോ മലയാളിയും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഉത്സവം. അത്തം തുടങ്ങി പത്തുനാളും ആഘോഷങ്ങൾ മാത്രമാണ്. വീട്ട് മുറ്റത് പൂക്കളം ഒരുക്കിയും, ഊഞ്ഞാൽ അടിയും, സ്വാദൂറും സദ്യയുണ്ടും അങ്ങനെ ഓണത്തിന്റെ കാര്യപരിപാടികൾ നീളുന്നു. എന്നാൽ ഓണത്തെ ഓണമാക്കുന്നത് ഓണക്കളികൾ തന്നെയാണ്. ഓണ കാലത്ത് സദ്യക്കും പൂക്കളത്തിനും ഉള്ള അതെ സ്ഥാനം ഓണക്കളികൾക്കും ഉണ്ട്. സുന്ദരിക്ക് പൊട്ടു തൊട്ടും, ഓണത്തല്ലും, തലപന്തു കളിയും എന്നിങ്ങനെ ഒട്ടേറെയാണ് ഓണക്കളികൾ. കേരളത്തിലെ ഏതാനം പ്രധാന ഓണക്കളികൾ ഏതൊക്കെയെന്ന് നോക്കാം.

ആട്ടക്കളം കുത്തൽ

പഴയകാലത്തെ പ്രധാന ഓണക്കളികളിൽ ഒന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ് ആട്ടക്കളം കുത്തൽ. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടു വരുന്നതാണ് കളി.

എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങൾ ഉണ്ട്.

കൈകൊട്ടിക്കളി

സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഓണക്കളിയാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു.

തൃശൂരിലെ പുലിക്കളി

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി നടക്കുക. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറുപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികൾ നടുവിലാർ ഗണപതിക്ക്‌ മുമ്പിൽ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌.

മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്‌. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്‌. പുലിക്ക് പകരം കടുവയുടെ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന വേഷങ്ങളാണ്‌. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.

ഓണത്തല്ല്

ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി.രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പരാമർശിക്കുന്നുണ്ട്‌. പിൽക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചു പോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രമാണ്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ പാടില്ല. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്ക് നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.

ഏതെങ്കിലും ഒരു ചേരിയിൽ നിന്ന്‌ പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.

ഓണംകളി

തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ്‌ ഈ നൃത്തം നടത്തുന്നത്.

പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ്‌ ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ്‌ നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റുള്ളവർ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോട് അടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു.

കമ്പിത്തായം കളി

ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ്‌ ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്‌. ഈ ഓടിന്‌ ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ്‌ ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും.ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു. രണ്ടിലും ഒരേ തുക വന്നാൽ അതിന്‌ പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടിയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ്‌ കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.

ഭാരക്കളി

കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.

നായയും പുലിയും വെയ്ക്കൽ പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്‌. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.

തലപന്തു കളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന ഒരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളി പോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.

കിളിത്തട്ടുകളി

ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു. തട്ടുകളിയെന്നും  ഇതിനെ അറിയപ്പെടുന്നു. മലബാറില്‍ ചിലയിടങ്ങളില്‍ ഉപ്പ് കളിയെന്നും ഇത് അറിയപ്പെടുന്നു. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയിൽ കിളിത്തട്ട് വരയ്ക്കുന്നു. ശേഷം തട്ടിനെ നീളത്തില്‍ രണ്ട് തുല്യ ഭാഗങ്ങളാക്കി മറ്റും, കുറുകെ 5 തട്ടുകളായി വിഭജിക്കും. രണ്ടു സംഘങ്ങളായി ആണ് കളിക്കുന്നത്. ഇരുവശത്തും അഞ്ചുപേർ വീതം ഉണ്ടാകും. കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആളാകും. അയാൾ കളത്തിന്റെ ഒന്നാമത്തെ വരയിൽ നിൽക്കണം ബാക്കിയുള്ളവർ ഓരോ തട്ടിലേയും കളങ്ങളുടെ വരകളില്‍ നിൽക്കണം. കിളി കൈകള്‍ കൊട്ടി കഴിഞ്ഞാല്‍ കളി തുടങ്ങി എന്നാണ് അർത്ഥം. എതിർ ടീമിലുള്ളവർ കിളിയുടെയോ, വരയിൽ നിൽക്കുന്നവരുടെയോ അടി കൊള്ളാതെ, എല്ലാ കളങ്ങളിൽനിന്ന്‌ ഇറങ്ങി  പുറത്തുവരണം. തിരിച്ചും അതുപോലെ കയറണം. കിളിക്ക് കളത്തിന്റെ  പുറം വരയിലൂടെയും നടുവരയിലൂടെയും നീങ്ങാം.

സുന്ദരിക്ക് പൊട്ട് തൊടാൻ

ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ്‌ സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തിൽ (നെറ്റി) പൊട്ട് തൊടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com