ഇടുക്കി: 55 വർഷം നീണ്ട സജീവ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെയല്ല ഇപ്പോൾ സഞ്ചരിക്കുന്നതെന്ന കടുത്ത വിമർശനമുയർത്തിയാണ് അദ്ദേഹം നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്.(KK Sivaraman ends active politics, criticizes CPI )
പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളേക്കാൾ മറ്റ് താൽപ്പര്യങ്ങളാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ഇടുക്കിയിലെ പാർട്ടി നേതൃത്വത്തിനിടയിൽ തനിക്ക് ഇപ്പോൾ സ്ഥാനമില്ലെന്നും ഇടമില്ലാത്ത ഇടത്ത് കടിച്ചുതൂങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂമി കയ്യേറ്റ വിഷയങ്ങളിൽ തുറന്ന നിലപാട് എടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പാർട്ടിയിൽ ഇപ്പോൾ വിമർശനമോ സ്വയം വിമർശനമോ ഇല്ല. പാർട്ടി തകർന്നു കിടക്കുന്ന അവസ്ഥയിലാണെന്നും ശിവരാമൻ ചൂണ്ടിക്കാട്ടി.
സി.പി.ഐ.എമ്മിനോട് ഒട്ടിനിന്ന് പ്രവർത്തിച്ചിട്ട് പ്രയോജനമില്ല. ഒന്നിച്ചു നിൽക്കുന്നത് രാഷ്ട്രീയ വിജയത്തിന് നല്ലതാണെങ്കിലും സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ പാർട്ടിക്ക് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സത്യം പറയുമ്പോൾ ആരെങ്കിലും പ്രകോപിതരാകുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറുമ്പോഴും താനൊരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. "പാർട്ടി പദവികളല്ല, ജീവിതമാണ് ഒരാളെ കമ്മ്യൂണിസ്റ്റുകാരനാക്കുന്നത്. പാർട്ടി അനുവദിച്ചാൽ സാധാരണ പ്രവർത്തകനായി തുടരും" - കെ.കെ. ശിവരാമൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലും ഇടുക്കിയിലെ സി.പി.ഐയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് ശിവരാമന്റെ ഈ പിന്മാറ്റം.