

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ബി.എ.എം.എസ് വിദ്യാർത്ഥിനി വിസ്മയ മരിച്ച കേസിലെ പ്രതി കിരൺ കുമാറിന് മർദനമേറ്റു. ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീടിന് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കിരൺ കുമാറിന്റെ വീടിന് മുന്നിലൂടെ പോയ യുവാക്കൾ വിസ്മയ കേസിനെക്കുറിച്ച് പറഞ്ഞ് കിരണിനെ പ്രകോപിപ്പിക്കുകയായിരുന്നു. ഇവരുടെ വെല്ലുവിളി കേട്ട് കിരൺ വീടിന് പുറത്തിറങ്ങിയതോടെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. കിരണിനെ അടിച്ചുവീഴ്ത്തിയ സംഘം മൊബൈൽ ഫോൺ കവർന്നതായും പരാതിയുണ്ട്. എന്നാൽ, ഈ ആക്രമണത്തിന് വിസ്മയ കേസുമായി നേരിട്ട് ബന്ധമില്ലെന്നും വഴിനടന്നുപോയവരുമായുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി.
2021 ജൂൺ 21-നാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാർ പോരെന്നും പത്ത് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. സംഭവത്തെത്തുടർന്ന് മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. നിലവിൽ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിൽ കഴിയുകയാണ് കിരൺ കുമാർ. കിരണിന്റെ പരാതിയിൽ ശാസ്താംകോട്ട പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.