

കണ്ണൂർ: കണ്ണൂർ ആറളം ഫാമിലെ ഒരു കുടുംബത്തെ രാജവെമ്പാലയുടെ (King Cobra) ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഒരു കുഴമ്പുകുപ്പിയുടെ വീഴ്ച. ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്.
സംഭവം നടന്നത് രാത്രി പത്തരയോടെയാണ്. കാലുവേദനയുള്ള കേളപ്പന്റെ ഭാര്യ വസന്ത കിടക്കുന്നതിന് മുൻപ് പതിവായി കുഴമ്പ് തേക്കാറുണ്ട്. കയ്യിൽ നിന്ന് കുഴമ്പ് കുപ്പി താഴെ വീണപ്പോൾ അത് എടുക്കാൻ വേണ്ടി കുനിഞ്ഞപ്പോഴാണ് കട്ടിലിനടിയിൽ എന്തോ ചുരുണ്ട് കിടക്കുന്നത് വസന്തയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ടോർച്ച് തെളിയിച്ചു നോക്കിയപ്പോഴാണ് അത് രാജവെമ്പാലയാണെന്ന് മനസ്സിലായത്. വെളിച്ചം കണ്ടതോടെ പാമ്പ് പത്തി വിടർത്തി ചീറ്റുകയും ചെയ്തു.
ഉടൻ തന്നെ കുടുംബം വനംവകുപ്പിനെ വിവരം അറിയിച്ചു. പുലർച്ചെ ഒരു മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുന്നതുവരെ ഭീതിയിലായിരുന്നുവെന്ന് കേളപ്പന്റെ മകൻ അനിൽ കുമാർ പറഞ്ഞു. "കുഴമ്പുകുപ്പി താഴെ വീണില്ലായിരുന്നെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ ഞങ്ങൾ കാണില്ലായിരുന്നു. ആ കുപ്പിയാണ് ഞങ്ങളെ രക്ഷിച്ചത്," അനിൽ പറഞ്ഞു.
വീടിന് സമീപത്തുള്ള തോടും മുളങ്കാടുമാണ് പാമ്പ് വീടിനുള്ളിൽ കയറാൻ കാരണമായതെന്നാണ് കരുതുന്നത്. ഇരിട്ടി ഫോറസ്റ്റ് സെക്‌ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു. ഫൈസൽ പിടികൂടുന്ന 101-ാമത്തെ രാജവെമ്പാലയാണിത്.
A family in Aralam Farm, Kannur, was saved from a King Cobra hiding under their cot by a falling bottle of pain balm. K.C. Kelappan's wife, Vasantha, noticed the snake late at night when she bent down to retrieve the fallen balm bottle. Upon shining a torch, the snake spread its hood and hissed. The family immediately informed the Forest Department, who arrived around 1 AM. The cobra was safely captured by Faisal Vilakkode, a temporary watcher, and released into the deep forest.