
കൊച്ചി: 1990 കളില്‍ തരംഗമായ കൈനറ്റിക് പുതുക്കിയ പതിപ്പ് പുറത്തിറങ്ങുന്നു. കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡും, ഇലട്രിക് വെഹിക്കിള്‍ കമ്പനിയായ കൈനറ്റിക് ആന്‍ഡ് വോള്‍ട്‌സ് ലിമിറ്റഡും സഹകരിച്ചാണ് ഇലക്ട്രിക് കൈനറ്റിക് ഡിഎക്‌സ് വിപണിയിലെത്തിക്കുന്നത്. ഫാമിലി വാഹനമെന്ന നിലയില്‍ ശ്രദ്ധേയമായ മോഡല്‍ ഇറ്റാലിയന്‍ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തില്‍ പരിഷ്‌കരിച്ചാണ് തിരിച്ചെത്തുന്നത്.
90-കളില്‍ കൈനറ്റിക് ഡിഎക്‌സ് ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രീയപ്പെട്ട വാഹനമാണ്. ഇന്ന്, വിശ്വാസ്യത, പുതുമ, കരുത്ത് എന്നീ സവിശേഷതകളിലൂടെയാണ് വീണ്ടും അവതരിപ്പിക്കുന്നതെന്ന് കൈനറ്റിക് ഇന്ത്യ വൈസ് ചെയര്‍മാന്‍ അജിങ്ക്യ ഫിറോദിയ പറഞ്ഞു. പുതിയ ഡിഎക്‌സില്‍ അവതരിപ്പിച്ച സെഗ്മെന്റ് സവിശേഷതകള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ മെറ്റല്‍ ബോഡി, വിശാലമായ ഡിസൈന്‍, 37 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ്, കൈനറ്റിക് അസിസ്റ്റ് സ്വിച്ച്, മൈ കിനി കമ്പാനിയന്‍ വോയ്സ് അലര്‍ട്ടുകള്‍, വോയ്സ് നാവിഗേഷന്‍ തുടങ്ങിയ പുതുമകളോടെയാണ് പുതിയ ശ്രേണി വിപണിയിലെത്തുന്നത്. ഡിഎക്‌സ്, ഡിഎക്‌സ് പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. ഡിഎക്‌സ് ഇവി ശ്രേണി 1,11,499 രൂപ മുതലും, ഡിഎക്‌സ് പ്ലസ് ഇവി ശ്രേണി 1,17,499 രൂപ മുതലും ലഭ്യമാകും. ഡിഎക്‌സില്‍ സില്‍വര്‍, കറുപ്പ് നിറങ്ങളിലും, ഡിഎക്‌സ് പ്ലസ് റെഡ്, ബ്ലൂ, വൈറ്റ്, സില്‍വര്‍, ബ്ലാക്ക് നിറങ്ങളിലും ലഭ്യമാണ്.
37 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസാണ് വാഹനം നല്‍കുക. ഒരു ഫുള്‍ ഹെല്‍മെറ്റും ഒരു ഹാഫ് ഹെല്‍മെറ്റും ഉള്‍പ്പെടെ സൂക്ഷിക്കാനാകും. റേഞ്ച്-എക്സ് നിര്‍മിച്ച 2.6 കിലോ വാട്ട് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി 2500 മുതല്‍ 3500 വരെ ചാര്‍ജിംഗ് സൈക്കിള്‍ നല്‍കുന്നു. മോട്ടോര്‍ പരമാവധി 90 കിലോമീറ്റര്‍/മണിക്കൂര്‍ വരെ വേഗതയാണ് കമ്പനി നല്‍കുന്നത്. റേഞ്ച്, പവര്‍, ടര്‍ബോ എന്നീ 3 മോഡലുകളില്‍ കൈനറ്റിക് ലഭ്യമാകും. ബ്ലൂടൂത്ത് സൗകര്യം, മ്യൂസിക് വോയിസ് നാവിഗേഷന്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്. 220 എംഎം ഫ്രണ്ട് ഡിസ്‌ക്, 130 എംഎം ബാക്ക് റിയര്‍ ഡ്രം ബ്രേക്കുകളാണ് കൈനറ്റിക്കിലുള്ളത്.
35,000 യൂണിറ്റുകള്‍ മാത്രമുള്ള പരിമിതമായ എഡിഷനായാണ് വാഹനം എത്തുന്നത്. www.kineticev.in വഴി ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി സെപ്റ്റംബര്‍ '25 മുതല്‍.