

തിരുവനന്തപുരം : തമിഴ്നാട് സ്വദേശിനിയായ 72കാരിയുടെ നട്ടെല്ലിനെ ബാധിച്ച ഗുരുതര വൈകല്യം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നടക്കുവാന്‍ ഏറെ പ്രയാസമനുഭവിച്ചിരുന്ന രോഗിയില്‍ നടത്തിയ വിശദപരിശോധനയിലാണ് നേരത്തേയുണ്ടായ ഒരു വീഴ്ചയില്‍ നട്ടെല്ലിലെ ചെറിയ അസ്ഥികളിലൊന്നായ ഡി11 വെര്‍ട്ടിബ്രയില്‍ ഗുരുതര പരിക്ക് സംഭവിച്ചതായി കണ്ടെത്തുന്നത്. ഇത് കൃത്യമായി തിരിച്ചറിയാതിരിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ കാലക്രമേണ നട്ടെല്ല് മുന്നിലേക്കും (കൈഫോസിസ്), വശങ്ങളിലേക്കും (സ്‌കോളിയോസിസ്) വളയുന്ന ഗുരുതര രോഗാവസ്ഥയായ കൈഫോ സ്‌കോളിയോസ് രൂപപ്പെടുകയായിരുന്നു. ഒപ്പം ഗുരുതര അസ്ഥിക്ഷയവും രോഗിയിലുണ്ടായിരുന്നു. (Kims Health)
നിവര്‍ന്ന് നടക്കുവാനോ, ശരിയായി ഭക്ഷണം കഴിക്കുവാനോ ഉറങ്ങാനോ സാധിക്കാത്ത രീതിയില്‍ നട്ടെല്ലില്‍ ഗുരുതരമായ വളവോടുകൂടിയാണ് രോഗി ചികിത്സ തേടി കിംസ്‌ഹെല്‍ത്തിലെത്തിലെത്തുന് നത്. കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സ്പൈന്‍ സര്‍ജനായ ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ രോഗിയുടെ അസ്ഥി സാന്ദ്രത (ബോണ്‍ ഡെന്‍സിറ്റി) മെച്ചപ്പെടുത്തുന്നതിനായി കാത്സ്യം സപ്ലിമെന്റുകള്‍ ഉള്‍പ്പെടെയുള്ള 'ബോണ്‍ ബില്‍ഡിംഗ്' തെറാപ്പി ആരംഭിച്ചു. മൂന്ന് മാസക്കാലത്തോളം നീണ്ട് നിന്ന 'ബോണ്‍ ബില്‍ഡിംഗ്' തെറാപ്പിക്ക് ശേഷമാണ് ശാസ്ത്രക്രിയയിലേക്ക് നീങ്ങിയത്.
മുതിര്‍ന്ന പൗരന്മാരില്‍ സ്‌കോളിയോസിസിനുള്ള ശസ്ത്രക്രിയ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്, പ്രത്യേകിച്ച് ഗുരുതരമായ ഓസ്റ്റിയോപറോസിസും ബലക്കുറവുള്ള അസ്ഥികളുമുള്ളവരിലും. 60 വയസ്സിന് മുകളിലുള്ളവരില്‍ 68% പേരിലും സ്‌കോളിയോസിസ് കണ്ടുവരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് അസ്ഥികളിലുണ്ടാകുന്ന മാറ്റങ്ങള്‍ നട്ടെല്ലിലെ വളവ് കൂടുതല്‍ മോശാവസ്ഥയിലാക്കും. വേദന, അസ്വസ്ഥത, ചലനത്തിലുള്ള പരിമിതികള്‍ എന്നിവയ്ക്ക് ഇത് കാരണമാവുകയും ചെയ്യും - ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
രോഗിയില്‍ സങ്കീര്‍ണമായ ഓസ്റ്റിയോട്ടമിയും ഇന്റേണല്‍ ഫിക്സേഷന്‍ സര്‍ജറിയും ഒരുമിച്ച് തന്നെ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. ഡി2 വെര്‍ടിബ്ര മുതല്‍ പെല്‍വിസ് വരെ നീണ്ട ഈ ശസ്ത്രക്രിയയിലൂടെ നട്ടെല്ല് പുനക്രമീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. ഓസ്റ്റിയോട്ടമിയും ഇന്റേണല്‍ ഫിക്സേഷനും രണ്ട് വ്യത്യസ്ത പ്രൊസീജ്യറുകളാണെങ്കിലും അസ്ഥി വൈകല്യങ്ങള്‍ നേരെയാക്കുന്നതിനായി ഒരുമിച്ചാണ് ഇവ ചെയ്യാറ്. നട്ടെല്ല് പുനക്രമീകരിക്കുന്നതിനായി അസ്ഥികള്‍ മുറിച്ച് പുനക്രമീകരിക്കുന്നതാണ് ഓസ്റ്റിയോട്ടമി. മെറ്റല്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് അസ്ഥികളെ ബലപ്പെടുത്തുകയാണ് ഇന്റേണല്‍ ഫിക്സേഷനിലൂടെ ചെയ്യുന്നത്. രോഗിയുടെ അസ്ഥികള്‍ക്ക് ബലം കുറവായതിനാല്‍ സാധാരണ സ്‌ക്രൂകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുമായിരുന്നില്ല. പകരം, സിമന്റ് ഓഗ്മെന്റഡ് ഫിക്സേഷനാണ് മെഡിക്കല്‍ സംഘം തെരഞ്ഞെടുത്തത്. ദുര്‍ബലമായ അസ്ഥികളുടെ ഉറപ്പും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി സ്‌ക്രൂകളില്‍ ബോണ്‍ സിമന്റ് ഇഞ്ചക്ട് ചെയ്യുന്ന നൂതന രീതിയാണിത്.
വിജയകരമായ ശസ്ത്രക്രിയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ രോഗിയ്ക്ക് എഴുന്നേറ്റ് നില്‍ക്കുവാനും നടക്കുവാനും സാധിച്ചു. ശരീരത്തിന്റെ ഘടനയും ചലന ശേഷിയും സാധാരണ നിലയിലാകുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാനും രോഗിയ്ക്ക് കഴിഞ്ഞു. 8 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ജോണ്‍ തിയോഫിലസും ഭാഗമായി