

കിളിമാനൂർ: സംസ്ഥാന പാതയിലെ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മുഖ്യപ്രതിയെ സഹായിച്ച സുഹൃത്ത് അറസ്റ്റിലായി. നെയ്യാറ്റിൻകര സ്വദേശി ആദർശിനെയാണ് (29) കിളിമാനൂർ പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ഥാർ ജീപ്പ് ഓടിച്ച വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ചതും ഫോൺ സിം കാർഡ് എടുത്തു നൽകിയതും ആദർശാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 3-ന് വൈകിട്ട് പാപ്പാലയിൽ വെച്ചാണ് രജിത്തും ഭാര്യ അംബികയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വിഷ്ണു ഓടിച്ച ഥാർ ജീപ്പ് അമിതവേഗതയിലെത്തി ഇടിച്ചത്. തെറിച്ചു വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും ഭർത്താവ് രജിത്ത് കഴിഞ്ഞ ദിവസവുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാർ വിഷ്ണുവിനെ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. എന്നാൽ നിസ്സാര വകുപ്പുകൾ ചുമത്തി പോലീസ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അംബിക മരിച്ചതിന് ശേഷം മാത്രമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. ഇതിനിടെ വിഷ്ണു ഒളിവിൽ പോയി.
പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ദമ്പതികളുടെ മക്കളെയും കൊണ്ട് നാട്ടുകാർ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്ത പഞ്ചായത്തംഗം സിജിമോൾ ഉൾപ്പെടെ 59 പേർക്കെതിരെ പോലീസ് കേസെടുത്തത് ജനരോഷം വർധിപ്പിച്ചു. പ്രതിയെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചുവെന്ന ആരോപണം ശക്തമാണ്.
നിലവിൽ വിഷ്ണുവിനായി തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരു ദിവസത്തിനുള്ളിൽ മുഖ്യപ്രതിയെ പിടികൂടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.